illustration

കണ്ണൂരിന്റെ മലയോര പട്ടണമായ ആലക്കോട് എന്നും കോൺഗ്രസിനൊപ്പമായിരുന്നു. കോൺഗ്രസെന്നാൽ സാക്ഷാൽ എ ഗ്രൂപ്പ്. ജില്ലയിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ പ്രതിനിധാനം ചെയ്തിരുന്ന ഐ ഗ്രൂപ്പിനാണ് സ്വാധീനമേറെയെങ്കിലും മലയോരം എ ഗ്രൂപ്പിന്റെ പ്രധാന തട്ടകമാണ്. ഐ ഗ്രൂപ്പ് പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും കഴിയാത്ത കാര്യമാണ് നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നടന്നത്. അരനൂറ്റാണ്ടിലേറെയായി തങ്ങളുടെ മണ്ഡലമായിരുന്ന ഇരിക്കൂർ നടുവിലിൽ അരങ്ങേറിയ രാഷ്ട്രീയ നാടകം എ ഗ്രൂപ്പിനെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കിയത്.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പ് മലയോരത്തെ കോൺഗ്രസിൽ ഗ്രൂപ്പ് പോരിന് വഴിയൊരുക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി. എഫ് പാനലിൽ മത്സരിച്ച് വിജയിച്ച ബേബി ഓടംപള്ളിയും മൂന്ന് അംഗങ്ങളും സി.പി. എം പിന്തുണയോടെ ഭരണത്തിലെത്തിയിരുന്നു. തുടർന്ന് ബേബിയും അംഗങ്ങളും എൽ.ഡി. എഫ് വിട്ട് കോൺഗ്രസിലേക്ക് തിരിച്ചുവന്നാണ് ഭരണം തിരിച്ചുപിടിച്ചത്. ഇതോടെ പ്രസിഡന്റ് സ്ഥാനത്തിന് മാറ്റമുണ്ടായില്ല. ബേബി തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ഭരണം വീണ്ടും തനിക്കൊപ്പം നിലനിറുത്തുകയായിരുന്നു. ഒരു വർഷത്തിനു ശേഷമാണ് നടുവിൽ പഞ്ചായത്ത് ഭരണം വീണ്ടും കോൺഗ്രസിന്റെ കൈകളിലെത്തുന്നത്. കോൺഗ്രസിന്റെ കാലിനടിയിൽ നിന്ന് മണ്ണൊലിച്ച് പോകുന്നതിനിടെ കിട്ടിയ പിടിവള്ളിയ്ക്ക് വേണ്ടി പോലും ഇപ്പോൾ ഗ്രൂപ്പുകൾ തമ്മിൽ പിടിവലിയാണ്. കോൺഗ്രസ് വിട്ട് സി.പി. എമ്മിൽ പോയ ബേബിയെ തിരിച്ചുകൊണ്ടുവന്ന് പ്രസിഡന്റാക്കിയതിനെ ചൊല്ലിയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

എ ഗ്രൂപ്പിന്റെ മേൽവിലാസമില്ലാതാക്കാൻ നാല് പതിറ്റാണ്ടായി ഐ ഗ്രൂപ്പ് പയറ്റിയ അടവുകൾ ഫലം കണ്ടതിൽ നേതൃത്വത്തിന് തികഞ്ഞ തൃപ്തിയുണ്ടെങ്കിലും അണികൾക്കുള്ളിൽ അസ്വാരസ്യത്തിന്റെ കനലെരിയുകയാണ്.

എ ഗ്രൂപ്പിൽ എ കെ ആന്റണി, ഉമ്മൻചാണ്ടി എന്നിവരുടെ വലംകൈയായി പ്രവർത്തിച്ച കെ .സി ജോസഫ് 1982 ൽ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ യു. ഡി. എഫ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചതോടെ മണ്ഡലത്തിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി, ബൂത്ത് കമ്മിറ്റി എന്നിവിടങ്ങളിലെ മേധാവിത്വവും കൈപ്പിടിയിലാകുകയായിരുന്നു. തുടർച്ചയായി എട്ട് തവണയാണ് കെ. സി ജോസഫ് ഇരിക്കൂറിൽ നിന്നും നിയമസഭയിലെത്തിയത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കെ. സി ജോസഫ് കളമൊഴിഞ്ഞതോടെ സ്ഥാനാർത്ഥിത്വം എ ഗ്രൂപ്പിന് തന്നെ ലഭിക്കുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. കെ. പി .സി. സി ജനറൽ സെക്രട്ടറിയും എ ഗ്രൂപ്പുകാരനും കെ.സി ജോസഫിന്റെ വലംകൈയുമായ അഡ്വ. സോണി സെബാസ്റ്റ്യനാണ് സ്ഥാനാർത്ഥിയെന്ന് ഉറപ്പിച്ച് കഴിഞ്ഞപ്പോഴാണ് ഹൈക്കമാൻഡിന്റെ സ്ഥാനാർത്ഥിയായി അഡ്വ. സജീവ് ജോസഫിന്റെ പേര് പ്രഖ്യാപിക്കുന്നത്.

സജീവ് ജോസഫ് വിജയിച്ചിട്ടും എ ഗ്രൂപ്പുകാർ നിസഹകരണം തുടരുകയുമാണ്. ഐ ഗ്രൂപ്പിന്റെ മേധാവിത്വം അംഗീകരിച്ചു കൊടുക്കാൻ തങ്ങൾ തയ്യാറല്ലെന്ന് അറിയിച്ച എ ഗ്രൂപ്പ് രംഗത്തെത്തിയതും നേതൃത്വത്തിന് കടുത്ത വെല്ലുവിളിയാണ്. മരുന്നിന് പോലും തങ്ങളില്ലാതിരുന്ന പ്രദേശത്ത് ശക്തമായി വേരുറപ്പിക്കാൻ കഴിഞ്ഞതിൽ കെ.പി.സി.സി. നേതൃത്വം ഉള്ളാലെ സന്തോഷിക്കുന്നുണ്ട്.

പുകഞ്ഞകൊള്ളി പുറത്ത് തന്നെ

പാർട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയി സി.പി.എമ്മിനോടൊപ്പം പോയി പഞ്ചായത്ത് പ്രസിഡന്റായ ബേബി ഓടം പള്ളിയെ കോൺഗ്രസിലേക്ക് കൊണ്ടുവന്ന് നടുവിൽ പഞ്ചായത്ത് പ്രസിഡന്റാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പറയുന്നത്. എന്നാൽ മലയോരത്ത് ക്ഷയിച്ചു തുടങ്ങിയ കോൺഗ്രസിന് കിട്ടിയ കച്ചിതുരുമ്പാണ് ബേബിയുടെ തിരിച്ചുവരവെന്ന് ഐ ഗ്രൂപ്പ് കണക്കുകൂട്ടുന്നു.

പ്രസിഡന്റ് സ്ഥാനത്തേക്ക് ബേബിയെ കൊണ്ടുവന്നാൽ കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ച് സാദാ അംഗങ്ങളായി തുടരുമെന്നാണ് മണ്ഡലം ഭാരവാഹികളും രണ്ട് മുൻപഞ്ചായത്ത് പ്രസിഡന്റുമാരും അറിയിച്ചത്. ബേബിയെയും പാർട്ടിവിട്ട രണ്ട് പഞ്ചായത്തംഗങ്ങളെയും തിരിച്ചെടുത്തത് വാട്‌സ് ആപ്പിലൂടെയാണ് തങ്ങളറിഞ്ഞത്. പാർട്ടി ബ്ളോക്ക് പ്രസിഡന്റോ മണ്ഡലം ഭാരവാഹികളോ അറിയാതെയാണ് ബേബിയെ തിരിച്ചെടുത്തത്.

ബേബി പ്രത്യേക സൃഷ്ടിയെന്ന്
ബേബിയെ തിരിച്ചു കൊണ്ടുവന്നാൽ കോൺഗ്രസിന് തലവേദന തീരില്ലെന്ന് തങ്ങൾ കെ.സുധാകരനെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് ഒരു വിഭാഗം എ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. എന്നാൽ ബേബി ഓടം പള്ളിയെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പ്രത്യേക സൃഷ്ടിയാണെന്നുമാണ് സുധാകരൻ പറഞ്ഞതെന്നാണ് അവരുടെ അടക്കം പറച്ചിൽ. നടുവിൽ പഞ്ചായത്തുകാരനായ കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ഇരിക്കൂർ എം.എൽ എ സജീവ് ജോസഫ് എന്നിവരൊക്കെ പാർട്ടിക്ക് ദോഷകരമായ തീരുമാനമെടുക്കരുതെന്ന് പറഞ്ഞിട്ടും കെ.പി.സി.സി അദ്ധ്യക്ഷൻ അംഗീകരിച്ചില്ലെന്നും അവർ ആരോപിക്കുന്നു. കോൺഗ്രസ് സെമി കേഡർ പാർട്ടിയായി മാറുന്നത് ഒരാൾ മാത്രം പറയുന്ന കാര്യം മാത്രം നടപ്പിലാക്കാനാണോ എന്നും നേതാക്കൾ ചോദിച്ചു.

കോൺഗ്രസ് വിട്ട സമയത്ത് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനെത്തിയാണ് ബേബി ഓടം പള്ളിക്കും പാർട്ടിവിട്ട രണ്ടുപേർക്കും സ്വീകരണം നൽകിയത്. തന്റെ ഇടവും വലവും നിന്ന 22 പേർ സി.പി.എമ്മുകാരാൽ കൊല്ലപ്പെട്ടെന്ന് പറയുന്ന കെ.സുധാകരന് കോൺഗ്രസ് വിട്ട് സി.പി.എമ്മിനൊപ്പം പോയ ബേബി ഓടം പള്ളിയെ തിരിച്ചെടുക്കാൻ കഴിയുന്നുവെന്നത് അത്ഭുതമാണെന്ന് മണ്ഡലം ഭാരവാഹികൾ പറയുന്നു. പാർട്ടി തെറ്റുതിരുത്തിയതു കൊണ്ടാണ് താൻ തിരിച്ചു വരുന്നതെന്ന് പറയുന്നയാളെ തിരിച്ചെടുക്കുന്നത് പ്രവർത്തകരെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് അവരുടെ വാദം.

മുൻ പഞ്ചായത്ത് പ്രസിഡന്റും പട്ടികജാതി വിഭാഗക്കാരിയുമായ യുവതിയെ ജാതി പേരും വിളിച്ചും അപമാനിച്ച സംഭവത്തിൽ നേതൃത്വത്തിന് പരാതി നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും ഭാരവാഹികൾ ആരോപിച്ചു.

പൊട്ടിത്തെറി തുടരും


ഉദയഗിരി, ആലക്കോട്, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ തുടങ്ങിയ പഞ്ചായത്തുകളിലും ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയുമൊക്കെ കൈവശമുണ്ടായിരുന്ന എ ഗ്രൂപ്പിന് ഇപ്പോഴുള്ളത് ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയും ഏരുവേശ്ശി, ആലക്കോട് പഞ്ചായത്തുകളുമാണ്. ഇതിൽ ആലക്കോട് പഞ്ചായത്തിലെ ഭരണം രണ്ടരവർഷം മാത്രമാണ് എ വിഭാഗത്തിനുള്ളത്. അതിനുശേഷം സുധാകരൻ ഗ്രൂപ്പുകാരനായ ജോസ് വട്ടമലയ്ക്ക് കൈമാറണം. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ മൂന്ന് ബ്ലോക്ക് കമ്മിറ്റികളിൽ ആലക്കോട്, ശ്രീകണ്ഠാപുരം എന്നിവ എ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. ഇതിൽ ആലക്കോട് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം സുധാകരൻ പക്ഷത്തിന്റെ കൈപ്പിടിയിലാകുമെന്നതിന്റെ സൂചനകളുമുണ്ട് . മലയോരമേഖലയിൽ കോൺഗ്രസ്സിനുള്ളിൽ വരുംനാളുകളിൽ പൊട്ടിത്തെറികളും കാലുവാരലും പ്രതീക്ഷിക്കാം.