
ജോലി ലഭിക്കാത്തത് തിരിച്ചടവിന് വെല്ലുവിളി
കണ്ണൂർ:വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് മുടങ്ങി ജപ്തി നോട്ടീസ് നേരിടുന്നത് പതിനായിരത്തോളം വിദ്യാർത്ഥികൾ. നഴ്സിംഗ് ,എൻജിനീയറിംഗ് വിദ്യാർത്ഥികളാണ് ഇവരിൽ ബഹുഭൂരിപക്ഷവും. കോഴ്സ് കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതാണ് പലരുടെയും തിരിച്ചടവിന് വെല്ലുവിളിയായത്.പലർക്കും വിദ്യാഭ്യാസ വായ്പ്പയെന്ന് പരാമർശിക്കാതെയാണ് ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. സംസ്ഥാനത്ത് 10020 വിദ്യാർത്ഥികൾക്കാണ് ഇതിനകം നോട്ടീസ് കൈപ്പറ്റിയത്.
ഏഴു ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകൾക്ക് വസ്തുവോ രക്ഷിതാവിന്റെ ജാമ്യമോ ആവശ്യമില്ലെന്ന നിയമവും വിദ്യാഭ്യാസ വായ്പയ്ക്ക് കൂട്ട് പലിശയും പിഴപ്പലിശയും ഈടാക്കരുതെന്ന റിസർവ് ബാങ്കിന്റെ നിർദേശവും ബാങ്കുകൾ പരിഗണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. 2018 ൽ സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതയിലുള്ള നിബന്ധനകൾ പ്രകാരം ഒട്ടുമിക്കവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.വിവിധ കോഴ്സുകളിൽ പഠിച്ചവരെ ഒഴിവാക്കികൊണ്ടാണ് പദ്ധതി പ്രഖ്യാപിച്ചത്.
നിലവിൽ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകൾ പോലും നടപടികളുമായി മുന്നോട്ട് പോവുകയാണ്. ബാങ്ക് വായ്പ്പയെടുത്ത് തിരിച്ചു നൽകാത്ത വൻകിട മുതലാളിമാരെ ലക്ഷ്യമിട്ട് രൂപീകരിച്ച സർഫാസി ആക്ട് പാവപ്പെട്ട വിദ്യാഭ്യാസ വായ്പയെടുത്തവരിൽ പ്രയോഗിക്കുന്ന സ്ഥിതിയാണിപ്പോൾ. ഏകദേശം 15 ലക്ഷത്തോളം വിദ്യാർത്ഥികൾ വായ്പ്പയെടുത്ത് പഠനം പൂർത്തിയാക്കി തൊഴിൽരഹിതരായി തുടരുന്നുണ്ട്. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ നഴ്സസ് പേരന്റ്സ് അസോസിയേഷൻ (ഐ.എൻ.പി.എ) മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
ആശ്രയമാകാതെ സ്വാശ്രയ കോഴ്‌സുകൾ
ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങളുണ്ടാകുമെന്നും ഒപ്പം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള ഫീസ് ബാങ്ക് വായ്പയായി നൽകുമെന്നുമായിരുന്നു സ്വാശ്രയ കോഴ്‌സുകൾ സംസ്ഥാനത്ത് അനുവദിച്ച കാലത്ത് സർക്കാർ ചൂണ്ടിക്കാട്ടിയത് . ഈ വായ്പകൾക്ക് ചെറിയ പലിശ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസം പൂർത്തിയായി തൊഴിൽ ലഭിച്ചതിനു ശേഷം മാത്രം തിരിച്ചടച്ചാൽ മതിയെന്ന വാഗ്ദാനവും വിശ്വസിച്ച് സംസ്ഥാനത്ത് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ബാങ്ക് വായ്പയെടുത്ത് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടി. സാശ്രയ കോളേജുകൾ ഫീസ് കുത്തനെ കൂട്ടി വിദ്യാർത്ഥികളെ ചൂഷണം ചെയ്യുമ്പോൾ സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്.
ഐ.എൻ.പി.എ പറയുന്നു
വിദ്യാഭ്യാസ വായ്പ മൂലം കടക്കെണിയിലായ വിദ്യാർത്ഥികളുടെയും കടബാദ്ധ്യത സർക്കാർ ഏറ്റെടുക്കണം
വിദ്യാഭ്യാസ വായ്പകളിൻമേലുള്ള ജപ്തിയും നിയമനടപടികളും അവസാനിപ്പിക്കണം
നാലുലക്ഷം വരെയുള്ള വിദ്യാഭ്യാസ വായ്പകൾക്ക് ജാമ്യം ആവശ്യപ്പെടരുതെന്ന റിസർവ് ബാങ്ക് ഉത്തരവ് നടപ്പാക്കണം
നിയമ വിരുദ്ധമായി ബാങ്കുകൾ കൈപ്പറ്റിയിരിക്കുന്ന ആധാരവും മറ്റുരേഖകളും തിരിച്ചു നൽകണം
ഒരു മേഖലയിലും പുതുതായി തൊഴിലവസരം സൃഷ്ടിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല.വായ്പ്പയെടുത്ത് തിരിച്ചടക്കാൻ കഴിയാത്ത കുട്ടികളെല്ലാം കോഴ്സ് കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവരാണ്.എന്നാൽ ബാങ്കുകൾ നടപടിയുമായി മുന്നോട്ട് പോകുന്ന സ്ഥിതിയാണ്.പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് ജപ്തി നോട്ടീസ് ലഭിച്ചിട്ടുള്ളത്.
എസ്. മിനി ,സംസ്ഥാന സെക്രട്ടറി , ഇന്ത്യൻ നഴ്സസ് പേരന്റ്സ് അസോസിയേഷൻ (ഐ.എൻ.പി.എ)