
കണ്ണൂർ: രക്തസ്രാവം തടയാനുള്ള കുത്തിവയ്പ് ഇത്രയും കാലം വീടുകളിൽ ലഭ്യമാക്കിയത് വിലക്കിയതോടെ തലാസീമിയ, ഹീമോഫീലിയ രോഗികൾ ദുരിതത്തിലായി. സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യമായി ഫാക്ടർ മരുന്ന് വീടുകളിൽ കൊണ്ടുപോകാനും ആവശ്യാനുസരണം നിശ്ചിത ഡോസ് ഉപയോഗിക്കാനും അനുമതി ഉണ്ടായിരുന്നു. മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമല്ലാത്തതിനാൽ മിക്കവരും സർക്കാർ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്.
പ്രമേഹരോഗികൾ രോഗാവസ്ഥ നോക്കി ഇൻസുലിൻ ഉപയോഗിക്കുന്നതുപോലെ രക്തസ്രാവത്തിന്റെ തോത് നോക്കി രോഗികൾ സ്വയം ഉപയോഗിക്കുകയോ വീട്ടിൽ പരിചരിക്കുന്നവർ കുത്തിവയ്പ് നൽകുകയോ ചെയ്യുന്നത് ആശ്വാസകരമായിരുന്നു. രക്തസ്രാവം ഉണ്ടായാൽ ഏതു പാതിരാത്രിയായാലും താലൂക്ക് ആശുപത്രിയിൽ എത്താനാണ് പുതിയ നിർദ്ദേശം. താലൂക്ക് ആശുപത്രികൾ മിക്കവാറും കിലോമീറ്ററുകൾ അകലെയായിരക്കും. ആശുപത്രിയിലേക്കുള്ള യാത്ര പലപ്പോഴും രക്തസ്രാവം ഗുരുതരമാക്കാറാണ് പതിവ്. രക്തസ്രാവം കൂടുംതോറും ഡോസ് കൂട്ടി നൽകേണ്ടിവരും. ചെറിയ ഡോസിന് അയ്യായിരം രൂപയാണെങ്കിലും ഡോസ് കൂടും തോറും വില ഒരു ലക്ഷം രൂപയോളമാവുമെന്ന് അധികൃതർ പറയുന്നു. സർക്കാർ ആശുപത്രികളിൽ സൗജന്യമാണ്.
പരിശീലനം നൽകി, കൈയൊഴിഞ്ഞു
വീടുകളിൽ വച്ച് തന്നെ ഫാക്ടർ മരുന്ന് കുത്തിവയ്പ് നൽകുകയെന്നതാണ് ആധുനിക രീതി. കേരളത്തിൽ മിക്ക രോഗികളും കുടുംബാംഗങ്ങളും കുത്തിവയ്പെടുക്കുന്ന രീതി പരിശീലിച്ചിട്ടുണ്ട്. സർക്കാർ സൗജന്യമായി മരുന്നും ലഭ്യമാക്കിയിരുന്നു. മരുന്ന് ഒരാൾ മറ്റാർക്കോ മറിച്ചു നൽകിയതാണ് വിലക്കിന് കാരണം. ഇതിന്റെ പേരിൽ മുഴുവൻ രോഗികളെയും ദുരിതത്തിലാക്കുന്ന നടപടിയാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. കേരളത്തിൽ മൂവായിരത്തിലേറെ രോഗികളുണ്ട്.
'ദുരുപയോഗത്തിന്റെ പേരുപറഞ്ഞ് രോഗികളെ ക്രൂശിക്കരുത്".
-കരീം കാരശ്ശേരി, ജന. കൺവീനർ, കേരള ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ
'വീടുകളിൽ വച്ച് ഫാക്ടർ മരുന്നുകൾ കുത്തിവച്ച് നടത്തുന്ന അതേ ചികിത്സ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ ലഭ്യമാണ്".
- ഡോ. രാജേഷ്, ഡെപ്യൂട്ടി ഡി.എം.ഒ കണ്ണൂർ