കണ്ണൂർ:കെ. റെയിൽ കുറ്റിയിടാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും പ്രതിഷേധവുമായി നാട്ടുകാർ .തളാപ്പ് ഓലച്ചേരി കാവിന് സമീപത്തെ കെ. റെയിൽ സർവ്വേയ്ക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്.കുറ്റിയിടൽ തടയാൻ പ്രദേശവാസികൾ ശ്രമിച്ചത് ഏറെ നേരം സംഘർഷത്തിനിടയാക്കി. പ്രദേശത്തെ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.വി. രാജേഷ്, കെ.ജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനെതിരെ ഇവർക്കെതിരെ കേസെടുത്തു. കല്ലിടാനായി കുഴിച്ച കുഴിയിൽ എം.വി രാജേഷ് ഇറങ്ങി പ്രതിഷേധിക്കുകായായിരുന്നു. സർവ്വെയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കി വൻ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഉദ്യോഗസ്ഥർ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുറ്റിയടിക്കുവാൻ ശ്രമിച്ചത് പ്രതിഷേധക്കാർ ചോദ്യം ചെയ്തു. കസ്റ്റഡിയിലെടുത്ത എം.പി രാജേഷിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, മേയർ ടി.ഒ .മോഹനൻ ,സതീശൻ പാച്ചേനി ഉൾപ്പടെയുള്ള നേതാക്കൾ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെത്തി.കെ.റെയിലിനെതിരെയുള്ള സമരം ശക്തമാക്കുമെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.കസ്റ്റഡിയിൽ എടുത്തവരെ ജാമ്യത്തിൽ വിട്ടയക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് നേതാക്കൾ മടങ്ങിയത്.