കണ്ണൂർ: മനുഷ്യരുടെയും ചോരയ്ക്കെല്ലാം ഒറ്റ നിറമാണെങ്കിൽ അവരിൽ എന്ത് ജാതി വേർതിരിവെന്ന് ആദിശങ്കരനോട് ചോദിച്ച മലബാറിലെ ആരാധനാമൂർത്തിയായ പൊട്ടൻ തെയ്യത്തിന്റെ കഥയ്ക്ക് ഭരതനാട്യ ആവിഷ്കാരം നൽകി കണ്ണൂർ പിലാത്തറ സ്വദേശി ഹരിത തമ്പാൻ.ജാതി വ്യവസ്ഥിതിക്കെതിരെ കലഹിക്കുന്ന 'ചിലമ്പ് " എന്ന ഭരതനാട്യ ആവിഷ്കാരം സമൂഹമാദ്ധ്യമങ്ങളിൽ ഇതിനകം വൈറലായി.
തിരുവനന്തപുരത്ത് നടന്ന സൂര്യ ഫെസ്റ്റിലായിരുന്നു.പൊട്ടൻ തെയ്യത്തിന്റെ മധുരതരമായ തോറ്റവും കർണ്ണാടിക് സംഗീതവും ചേർന്നൊരുക്കിയ നൃത്തം ഭരതനാട്യത്തിലൂടെ അവതരിപ്പിച്ചത്. സർവ്വഞ്ജപീഠം കയറാനൊരുങ്ങുന്ന ശങ്കരാചാര്യർക്ക് എതിരെ വന്ന ചണ്ഡാള വേഷധാരിയായ ശിവനോട് ജാതിയിൽ താഴ്ന്നവനാകയാൽ വഴിമാറാൻ ആവശ്യപ്പെടുന്നിടത്ത് നിന്നാണ് പൊട്ടൻതെയ്യത്തിന്റെ കഥ ആരംഭിക്കുന്നത്. പലതരം ചോദ്യങ്ങൾ കൊണ്ട് മുട്ടുകുത്തിക്കുന്ന പൊട്ടൻ സാക്ഷാൽ ഭഗവാനാണെന്ന തിരിച്ചറിഞ്ഞ് തന്റെ അജ്ഞത ബോദ്ധ്യപ്പെട്ട ആദിശങ്കരൻ ശിവനെ സ്തുതിക്കുന്നതോടെയാണ് ഐതിഹ്യം അവസാനിക്കുന്നത്.
കഴിഞ്ഞ വർഷം കേരള നിയമസഭയിലും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം വാർഷികത്തിനുമെല്ലാം ചിലമ്പ് അവതരിപ്പിച്ചിരുന്നു. തെയ്യം കലാകാരൻ ഗോപി വെങ്ങരയാണ് ചുവടുകളും തോറ്റങ്ങളും ഭരതനാട്യത്തിലേക്ക് ചിട്ടപ്പെടുത്താൻ ഹരിതയെ സഹായിച്ചത് . പൊട്ടൻ തെയ്യത്തിന്റെ തോറ്റവും ചുവടുമെല്ലാം ഭരതനാട്യത്തിൽ അവതരിപ്പിച്ചപ്പോൾ സൂര്യ ഫെസ്റ്റിൽ രണ്ടാമതും ഇതേ നൃത്തം അവതരിപ്പിക്കാൻ ഹരിതയ്ക്ക് ക്ഷണം ലഭിക്കുകയായിരുന്നു. സംഗീതം ചിട്ടപ്പെടുത്താൻ സഹായിച്ചത് കാഞ്ഞങ്ങാട് രാമചന്ദ്രനും തോറ്റം ചിട്ടപ്പെടുത്തിയത് സിവേജ് ദേവ്,മനുരാഗ് എന്നിവരുമാണ്. ഭരതനാട്യത്തിന്റെ തനത് ശൈലി വിട്ട് കറുത്ത നിറത്തിലുള്ള വസ്ത്രവും കാലിൽ തെയ്യത്തിന്റെ ചിലമ്പിന് സമാനമായ തളയും മണികയറുമണിഞ്ഞു.
നേരത്തെ സ്ത്രീസമത്വം മുൻനിർത്തി മകളെ നിനക്കായ് ,അന്ധവിശ്വാസത്തിനും ബ്ലാക്ക് മാജിക്കിനുമെതിരെ ടാസി ടേൺ വെപ്പൺ , ജാതിവ്യവസ്ഥയ്ക്കെതിരെ കർണ്ണന്റെ കാഴ്ച്ചപ്പാടിലുള്ള മഹാഭാരതവുമെല്ലാം ഹരിത നൃത്താവിഷ്കാരമാക്കിയിട്ടുണ്ട്..വിവിധ സാമൂഹിക വിഷയങ്ങൾ 500 ൽ അധികം വേദിയിൽ അവതരിപ്പിച്ചതിന് ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡിലും ഏഷ്യൻ ബുക്ക് ഒാഫ് റെക്കോർഡിലും ഇടം നേടി.കേരള കലാമണ്ഡലത്തിൽ ഗവേഷണ വിദ്യാർത്ഥിയും പിലാത്തറ ലാസ്യ കോളേജ് ഒഫ് ഫൈൻ ആർടിസിൽ അദ്ധ്യാപികയുമായ ഈ ഹരിത നാടകസംവിധായകൻ തമ്പാൻ കാമ്പ്രത്തിന്റെയും കലാമണ്ഡലം ലത ഇടവളത്തിന്റെയും മകളാണ്.
മലബാറിലെ അനുഷ്ഠാന കലകളെ കുടുതൽ ജനങ്ങളിലേക്കെത്തിക്കുകയെന്നതാണ് ലക്ഷ്യം.ജാതി വ്യവസ്ഥയോട് കലഹിക്കുന്ന പൊട്ടൻ തെയ്യം ഉയർത്തിപ്പിടിക്കുന്നത് എല്ലാ മനുഷ്യരും ഒന്നാണെന്ന മഹത്തായ സന്ദേശമാണ്.എന്നാൽ പൊട്ടൻ തെയ്യം ഭൂരിഭാഗം കേരളീയർക്കും സുപരിചതമല്ല.അത് കൊണ്ടാണ് പൊട്ടൻ തെയ്യത്തെ തന്നെ നൃത്താവിഷ്കാരത്തിനായി തിരഞ്ഞെടുത്തത്.
ഹരിത തമ്പാൻ