കണ്ണൂർ: ആറ്റടപ്പ ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട് സി.പി.എമ്മും എൽ.ഡി.എഫും ജനങ്ങൾക്കിടയിൽ ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്ന് മേയർ അഡ്വ. ടി.ഒ മോഹനനും ഡെപ്യൂട്ടി മേയർ കെ. ഷബീനയും പറഞ്ഞു.
സെന്ററിന്റെ നടത്തിപ്പ് ആർക്കും വിട്ടുകൊടുത്തിട്ടില്ല. റോട്ടറി ക്ലബ്ബിന്റെ സഹായം സ്വീകരിക്കാൻ മാത്രമാണ് കൗൺസിൽ തീരുമാനിച്ചത്. അവർ സഹായം വാഗ്ദാനം ചെയ്ത് കോർപ്പറേഷനെ സമീപിക്കുകയായിരുന്നു.
സെന്ററിലെ ഡോക്ടർ, നഴ്‌സ്, ടെക്‌നീഷ്യൻ, ക്ലീനിംഗ് സ്റ്റാഫ് ഉൾപ്പടെയുള്ള ജീവനക്കാർക്ക് വേതനമായി മാസം പ്രതി ഏതാണ്ട് നാലു ലക്ഷമാണ് ചെലവ് വരിക. ഇതു റോട്ടറി ക്ലബ് വഹിക്കും. അവരുടേത് ചാരിറ്റി സ്ഥാപനമാണ്. അല്ലാതെ ലാഭമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള സംഘടനയല്ല. കോർപ്പറേഷനത് ഏറ്റെടുത്താൽ കോർപ്പറേഷൻ പരിധിയിലുള്ള ബി.പി.എൽകാർക്ക് പൂർണമായും സൗജന്യമായും മറ്റുള്ളവരിൽ നിന്ന് 400 രൂപയിൽ താഴെയും മാത്രമേ ഡയാലിസിസിന് ഈടാക്കൂ.
കോർപ്പറേഷന് കീഴിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് സെന്ററിന്റെ മേൽനോട്ടം വഹിക്കുക. കമ്മിറ്റിയിൽ എൽ.ഡി.എഫ് കൗൺസിലർമാരുമുണ്ട്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്കൊപ്പം റോട്ടറിയുടെ രണ്ട് പ്രതിനിധികളുണ്ടാവും. ഇത്തരം കാര്യങ്ങളിൽ ചാരിറ്റി സംഘടനകൾ ആര് സഹായം വാഗ്ദാനം ചെയ്താലും അത് സ്വീകരിക്കും. സഹായം സ്വീകരിക്കാമെന്ന് സർക്കാർ ഉത്തരവുണ്ടെന്നും മേയർ വ്യക്തമാക്കി. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സുരേഷ് ബാബു എളായാവൂർ, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ എന്നിവരുംവാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.