1

കാസർകോട്:പാലക്കാട്‌ കുഴൽമന്ദത്തെ യുവാക്കളുടെ മരണം ക്രൂരമായ കൊലയാണെന്ന തെളിവുകൾ പുറത്തുവന്നതോടെ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കുടുംബങ്ങൾ നിയമ നടപടിക്ക്. ഫെബ്രുവരി ഏഴിനാണ് പാലക്കാട് - എറണാകുളം കെ.എസ്.ആർ.ടി.സി ബസ് അപകടം വരുത്തിയത്. കാഞ്ഞങ്ങാട് ഉദയംകുന്നിലെ സബിത്തും സുഹൃത്ത് പാലക്കാട് സ്വദേശി ആദർശ് മോഹനുമാണ് കൊല്ലപ്പെട്ടത്. ഇവരെ കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസ് വെട്ടിച്ച് ലോറിയോട് ചേർത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം.

യാത്രയ്ക്കിടെ ഡ്രൈവറും യുവാക്കളും തമ്മിൽ തർക്കമുണ്ടായതിന്റെ പകതീർക്കാൻ ഡ്രൈവർ മനഃപൂർവം അപകടമുണ്ടാക്കിയെന്നാണ് പരാതി. ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സബിത്തിന്റെ സഹോദരൻ ശരത് ആവശ്യപ്പെട്ടു. ആദർശിന്റെ കുടുംബം പാലക്കാട്‌ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ സബിത്തിന്റെ കുടുംബവും കക്ഷിചേരും.

യുവാക്കളും ഡ്രൈവറും തമ്മിൽ തർക്കമുണ്ടായെന്ന് യാത്രക്കാരും പ്രദേശവാസികളും പറഞ്ഞത് തെളിവാകും.

ആദ്യം കേസെടുത്തത് ലോറി ഡ്രൈവർക്കെതിരെയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ബസിന് ഇടത്തേക്ക് ചേർന്ന് പോകാൻ സ്ഥലമുണ്ടായിട്ടും മനഃപൂർവം യുവാക്കളെ ലോറിക്കും ബസിനും ഇടയിൽ ഞെരിച്ച് കൃത്രിമമായി അപകടം ഉണ്ടാക്കി ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. പിന്നിൽ വന്ന കാറിലെ ഡാഷ്‌കാമറയിൽ അപകടദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

കെ. എസ്. ആർ. ടി. സി ഡ്രൈവറായ തൃശൂർ പട്ടിക്കാട് സ്വദേശി സി.എൽ ഔസേപ്പിനെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ കെ.എസ്.ആർ.ടി.സി നടത്തിയ അന്വേഷണത്തിൽ ബസ് ഡ്രൈവർ വലത്തോട്ട് ബസ് വെട്ടിച്ചത് കൊണ്ടാണ് അപകടമുണ്ടായതെന്ന് കണ്ടെത്തുകയായിരുന്നു.

'ബോധപൂർവ്വം ബസിടിച്ചു കൊന്നതാണ്. തർക്കത്തിന്റെ വൈരാഗ്യം തീർത്തതാണ്. നിയമനടപടിയുമായി മുന്നോട്ടുപോകും".

-ശരത്,​ സബിത്തിന്റെ സഹോദരൻ

'മോൻ രണ്ടു കൊല്ലം മുമ്പാണ് പാലക്കാട് എയർടെൽ കമ്പനിയിൽ ചേർന്നത്. അവനെ ഇല്ലാതാക്കിയ ദുഷ്ടനെ വെറുതെ വിടരുത്".

-തമ്പാൻ, സബിത്തിന്റെ അച്ഛൻ