pay-parking
പഴയ ബസ് സ്റ്റാൻഡിൽ പേ പാർക്കിംഗ് സൗകര്യം ഒരുക്കുന്ന സ്ഥലം

തലശേരി: നഗരസഭ മുൻകൈയെടുത്ത് നഗരത്തിൽ വാഹനങ്ങൾക്കായി പേ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നു. ഉത്തര കേരളത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ഇവിടെയെത്തുന്നവർക്ക് ഇത് ആശ്വാസം പകരും. നോക്കുന്നിടത്തെല്ലാം 'നോ പാർക്കിംഗ്' ബോർഡുകൾ, സ്വകാര്യ വാഹനങ്ങൾ നിർത്തിയിടാൻ ഇരു ബസ് സ്റ്റാൻഡുകളിലോ, ചുറ്റുവട്ടങ്ങളിലോ ചെറുസ്ഥലം പോലുമില്ല. എവിടെയെങ്കിലും നിർത്തിയിട്ടാൽ ഉടൻ വാഹനത്തിന്റെ കണ്ണാടിയിൽ പൊലീസിന്റെ മഞ്ഞ നോട്ടീസ് പതിയും. ഡോക്ടർമാർ ഉൾപ്പെടെ മിക്ക ഉദ്യോഗസ്ഥരും വാഹനങ്ങൾ പാർക്ക് ചെയ്യാനിടമില്ലാത്തതിനാലും, ഗതാഗതക്കുരുക്കിൽ സ്ഥിരം കുടുങ്ങിപ്പോകുന്നതിനാലും കാറുകളുപേക്ഷിച്ച്, ബൈക്കുകളിലാണ് ജോലി സ്ഥലങ്ങളിലെത്തുന്നത്. തലശേരിയുടെ തീരാ തലവേദനയ്ക്കാണ് പരിഹാരമാവുന്നത്.
ആദ്യപടിയായി പഴയ ബസ് സ്റ്റാൻഡിലെ ജൂബിലി കോംപ്ലക്‌സ് പരിസരത്താണ് പേ പാർക്കിംഗ് സംവിധാനത്തിന് നഗരസഭയുടെ നേതൃത്വത്തിൽ സൗകര്യമൊരുക്കുന്നത്. ഇതിനായി തെർമോ പ്ലാസ്റ്റിക് ഉപയോഗിച്ച് ട്രാക്ക് വരക്കുന്നതിന് ടെൻഡർ നടപടികൾ ആരംഭിച്ചു. കുടുംബശ്രീ അംഗങ്ങളെയാണ് പേ പാർക്കിംഗ് കേന്ദ്രങ്ങളിൽ ജോലിക്കായി ചുമതലപ്പെടുത്തുക. പാർക്കിംഗ് കേന്ദ്രങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ ഗതാഗതക്കുരുക്കിനും ഒരു പരിധി വരെ പരിഹാരമാകും.

നടപ്പാതകളിൽ കൈയേറ്റം

ശാസ്ത്രീയമായ പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവർ നടപ്പാതയുൾപ്പെടെ കൈയേറിയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മണിക്കൂറുകളോളം ഈ സ്ഥിതി തുടരും. ഇത് കാൽ നടയാത്രയ്ക്ക് ബുദ്ധിമുട്ടാവുകയാണ്. കൂടാതെ അലക്ഷ്യമായ വാഹന പാർക്കിംഗ് നഗരത്തിൽ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് പേ പാർക്കിംഗിന് നഗരത്തിലെ ഒഴിവുള്ള സ്ഥലങ്ങളിൽ സൗകര്യമൊരുക്കുന്നത്.

തലശേരിയിൽ പാർക്കിംഗ് പ്ലാസ ഒരുക്കാനാണ് നഗരസഭ നേരത്തെ ആലോചിച്ചത്. ഇത് ചെലവേറിയ പ്രൊജക്ടായതിനാൽ പദ്ധതി തുടങ്ങുന്നതിന് കാലതാമസം നേരിടുകയാണ്. അതിനാലാണ് നഗരത്തിലെ ഒഴിവുള്ള സ്ഥലങ്ങൾ കണ്ടെത്തി പേ പാർക്കിംഗ് സംവിധാനം ഒരുക്കുന്നത്.

നഗരസഭാ ചെയർപേഴ്‌സൺ ജമുനാറാണി