
കാസർകോട്: യുവജനങ്ങൾക്ക് സമഗ്ര പരിശീലനം ലഭിച്ചാൽ ദുരിത മേഖലയിൽ ക്രിയാത്മകമായി ഇടപെടാൻ സാധിക്കുമെന്നും ഇങ്ങനെയാണ് യുവാക്കൾ നാടിന്റെ നട്ടെല്ലായി മാറുന്നതെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. കേരള വളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ് പഞ്ചായത്ത് മുനിസിപ്പൽ തല ക്യാപ്റ്റന്മാരുടെ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രളയം, കൊവിഡ്, നിപ ഘട്ടങ്ങളിലൊക്കെ യുവാക്കളുടെ ശക്തമായ സാന്നിധ്യം സമൂഹം തിരിച്ചറിഞ്ഞതാണ് . അസാധ്യമെന്നത് സാധ്യമാക്കാനാവുമെന്ന് വിവിധ പ്രവർത്തനപഥത്തിലൂടെ സംസ്ഥാനത്തെ യുവജനത തെളിയിച്ചതാണെന്നും മന്ത്രി പറഞ്ഞു.
ദുരന്ത നിവാരണം, മറ്റ് ദുരിത മേഖലകൾ എന്നിവിടങ്ങളിൽ യുവജനശക്തി ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിനു കീഴിൽ ജില്ലാതലത്തിൽ രൂപീകരിച്ച വളണ്ടിയർ സേനയാണ് കേരള വളണ്ടിയർ യൂത്ത് ആക്ഷൻ ഫോഴ്സ്. ഇവരുടെ പ്രവർത്തനങ്ങൾ പഞ്ചായത്ത് / മുൻസിപ്പൽ തലങ്ങളിൽ ഉറപ്പു വരുത്തുന്നതിലേക്കായി രൂപീകരിക്കുന്ന വളണ്ടിയർ സേനയുടെ ക്യാപ്റ്റന്മാർക്ക് ജില്ലാ തലങ്ങളിൽ പരിശീലനം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് ബേക്കലിൽ രണ്ടുദിവസത്തെ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വളണ്ടിയർമാർക്ക് വിവിധ മേഖലകളിലെ വിദഗ്ധർ ക്ലാസെടുക്കും. 38 പഞ്ചായത്തിലെയും മൂന്ന് മുൻസിപ്പാലിറ്റിയിലെയും 41 ക്യാപ്റ്റന്മാർക്കാണ് പരിശീലനം.
സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ദിപു പ്രേംനാഥ് പദ്ധതി വിശദീകരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, കേരള വളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ് സ്റ്റേറ്റ് കോർഡിനേറ്റർ പി.എം സാജൻ എന്നിവർ സംസാരിച്ചു. ജില്ലാ യൂത്ത് കോർഡിനേറ്റർ എ.വി ശിവപ്രസാദ് സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി.സി ഷിലാസ് നന്ദിയും പറഞ്ഞു.
കേരള വളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ് ക്യാപ്റ്റന്മാരുടെ പരിശീലനം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുന്നു.