sano-
ട്രാൻസ് ജെൻഡർ മാർക്കായി രൂപീകരിച്ച മാരിവിൽ ക്ളബ്ബ് ഉദ്ഘാടനം കണ്ണൂരിൽ വി.കെ സനോജ് നിർവഹിക്കുന്നു

കണ്ണൂർ: സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെടുന്ന ട്രാൻസ്ജെൻഡർമാരുടെ അതിജീവനത്തിനായി മാരിവിൽ കൂട്ടായ്മ ഒരുങ്ങി. ട്രാൻസ് ജെൻഡർ അംഗങ്ങളുടെ ജീവിത,​ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും അരികുവത്ക്കരിക്കപ്പെടുന്ന ജീവിതങ്ങളെ ലിംഗ സമത്വത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിനുമാണ് സംസ്ഥാന യുവജനക്ഷേമ ബോർഡ്. കണ്ണൂർ സ്നേഹതീരം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാരിവില്ലെന്ന പേരിൽ ട്രാൻസ് ജെൻഡർ ക്ളബ്ബ് രൂപീകരിച്ചത്.

മഴവിൽ കൂട്ടായ്മയിലൂടെ ട്രാൻസ് ജെൻഡർമാരുടെ സാമൂഹിക- മാനസിക ഒറ്റപ്പെടലുകളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. പൊതുസമൂഹത്തിന്റെ അവഗണന പേടിച്ചു താൻ ട്രാൻസ് ജെൻഡറാണെന്ന് പറയാൻ മടിക്കുന്നവരെ മാരിവിൽ കൂട്ടായ്മയിൽ ഉൾക്കൊള്ളും.

കണ്ണൂർ ഭാരത് ഹോട്ടലിൽ ചേർന്ന കൂട്ടായ്മയുടെ ഉദ്ഘാടനം യുവജനക്ഷേമ ബോർഡ് അംഗം വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു. ഇന്നല്ലെങ്കിൽ നാളെ ട്രാൻസ്ജെൻഡർമാരെ പൊതുസമൂഹത്തിന് അംഗീകരിക്കേണ്ടിവരും. കൊച്ചിൻ മെട്രോയിലുൾപെടെ ജോലി നൽകി സർക്കാർ ട്രാൻസ് ജെൻഡർമാരെ ചേർത്തു നിർത്തിയിട്ടുണ്ടെങ്കിലും ലോകം മാറ്റി നിർത്തിയ സമൂഹത്തെ ചേർത്തുപിടിച്ചു ഇനിയും മുൻപോട്ടു പോകേണ്ടതുണ്ടെന്ന് സനോജ് പറഞ്ഞു. ജില്ലാ യൂത്ത് പോഗ്രാം ഓഫിസർ കെ.പ്രസീത അദ്ധ്യക്ഷത വഹിച്ചു. പി.എം.സാജിദ് . കാവ്യ, തുടങ്ങിയവർ പങ്കെടുത്തു. യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോർഡിനേറ്റർ അഡ്വ.സരിൻ ശശി സ്വാഗതം പറഞ്ഞു.