പേരാവൂർ: ജലസംരക്ഷണത്തോടൊപ്പം വയൽ വരമ്പ് പാർശ്വഭിത്തി സംരക്ഷണവും ഒപ്പം കയർ തൊഴിലാളിയുടെ ഉത്പന്നം വാങ്ങി അവരുടെ തൊഴിൽ സംരക്ഷണം കൂടി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മാവടി പാടശേഖരത്തിന് കയർ ഭൂവസ്ത്രമണിയിച്ച് പേരാവൂരിന്റെ വ്യത്യസ്തമായ ജലസംരക്ഷണ പദ്ധതി.

തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് വിവിധോദ്ദേശ്യ പരിപാടി പേരാവൂർ ഗ്രാമ പഞ്ചായത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.
ആദ്യ ഘട്ടം 280 മീറ്റർ കയർ ഭൂവസ്ത്രം വിരിക്കലിന്റെ ഔപചാരിക ഉദ്ഘാടനം പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണഗോപാലൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി
അദ്ധ്യക്ഷരായ എം. ശൈലജ, റീന മനോഹരൻ, പഞ്ചായത്തംഗങ്ങളായ കെ.വി. ബാബു, ബേബി സോജ, നിഷ പ്രദീപൻ, അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വ, വിജേഷ് എന്നിവർ പങ്കെടുത്തു. വൈകാതെ 1000 മീറ്റർ കയർ വസ്ത്രം വിരിക്കാനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.


പടം : മാവടി പാടശേഖരത്തിന് കയർ ഭൂവസ്ത്രമണിയിക്കുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു