പിണറായി: ചരിത്രത്തിലാദ്യമായി സി.പി.എം പാർട്ടി കോൺഗ്രസിന് കണ്ണൂർ വേദിയാകുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവും വർത്തമാനവും വിളിച്ചോതുന്ന പിണറായിയിലെ ചിത്രമതിൽ കാലത്തിന്റെ പുതിയ അടയാളപ്പെടുത്തലാകുന്നു. ഐതിഹാസികമായ വൈക്കം സത്യഗ്രഹം,പിണറായി പാറപ്രം സമ്മേളനം, കയ്യൂർ സമരം, ജവഹർ ഘട്ട് , പുന്നപ്ര വയലാർ സമരം, കൂത്തുപറമ്പ് വെടിവയ്പ്പ്, ഡൽഹിയിലെ കർഷക സമരം, ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ മുതൽ രണ്ടാം പിണറായി സർക്കാർ വരെ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ.... എല്ലാം ഇവിടെ വരകളിലും വർണങ്ങളിലും നിറയുന്ന കാഴ്ചകളാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ട്യാല മുക്കിലെ വീടിനോടു ചേർന്ന കവിതപറമ്പ് മുതൽ കൺവെൻഷൻ സെന്റർ വരെ 400 മീറ്റർ നീളത്തിലാണ് ചുമർചിത്രം ഒരുക്കുന്നത്. ഇതിനായി ആൾതാമസമില്ലാത്ത പറമ്പിലെയും പരിസരത്തെയും കാട് വെട്ടിത്തെളിച്ചും മതിലുകളിലെ പൂപ്പ| നീക്കം ചെയ്തും തേപ്പുപണിയെടുത്തും അറുപതോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാപകില്ലാതെ ജോലിയിലായിരുന്നു. പ്രശസ്ത ചിത്രകാരൻ എബി എൻ.ജോസ് ഉദ്ഘാടനം ചെയ്തു.
പൊന്ന്യം ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെൽവൻ മേലൂർ ചിത്ര മതിലിനെ കുറിച്ച് വിശദീകരിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. മനോഹരൻ, ഏരിയ കമ്മിറ്റി അംഗം പി.എം.അഖിൽ, ടി.സുധീർ എന്നിവർ പ്രസംഗിച്ചു. സി.പി.എം പിണറായി ഏരിയാസെക്രട്ടറി കെ.ശശിധരൻ സ്വാഗതം പറഞ്ഞു. എബിൻ ജോസഫ്, പൊന്ന്യം ചന്ദ്രൻ, സെൽവൻ മേലൂർ, വാസവൻ പയ്യട്ടം, ബി.ടി.കെ അശോകൻ, എ.സത്യനാഥൻ, സുനിൽ കാനായി, രമേശൻ നടുവിൽ, എ. രവീന്ദ്രൻ, എം.ദാമോദരൻ, സുരേഷ് പാനൂർ, എ.സത്യനാഥ്, രാകേഷ് പുന്നോൽ, ശ്രീജിത്ത് വടക്കുമ്പാട്, രവീണ, പി.കെ.ഷീന , രമ്യ, ശ്രീലക്ഷ്മി, വൃന്ദ അമൃത, ഗോകുൽ, ലിജിന ഷിജിത്ത്, വിനീഷ് മുദ്രിക, നിഷ ഭാസ്കർ, സ്വാതി വടകര, അതുൽ, വിപിൻ തുടങ്ങി അമ്പതോളം ചിത്രകാരന്മാർ രണ്ട് ദിവസമായി നടക്കുന്ന ചിത്രമതിൽ പരിപാടിയിൽ അണിചേരുന്നുണ്ട്.