പയ്യന്നൂർ : ജനങ്ങൾക്ക് യാത്രാദുരിതം സമ്മാനിച്ച് മാസങ്ങളായി പ്രവൃത്തി നിലച്ച വെള്ളൂർ ആൽ - പെരളം - സ്വാമിമുക്ക്, അന്നൂർ - കണിയേരി എന്നീ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നവീകരണ പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തിയാക്കുവാൻ ടി. ഐ. മധുസൂദനൻ എം.എൽ.എ. വിളിച്ചുചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിൽ ധാരണയായി. വെള്ളൂർ - സ്വാമി മുക്കിൽ റോഡിൽ ബാക്കിയുള്ള ആറ് കിലോമീറ്ററിലധികം ഭാഗം ടാർ ചെയ്യുവാനും ഡ്രൈനേജ് കവറിംഗ് സ്ലാബ്, സൈൻ ബോർഡ് എന്നിവ സ്ഥാപിക്കൽ, ലൈൻ വരക്കൽ എന്നീ പ്രവൃത്തികളും അന്നൂർ-കണിയേരി റോഡിൽ

ടാർ ചെയ്യൽ, ഡ്രൈനേജ്, കൾവർട്ട് നിർമ്മാണം എന്നിവയുമാണ് പൂർത്തിയാക്കുവാൻ ബാക്കിയുള്ളത്.

യോഗ തീരുമാനപ്രകാരം 14 ന് രണ്ട് റോഡികളിലെയും പ്രവൃത്തികൾ പുനരാരംഭിക്കും. മാർച്ച് 5 മുതൽ വെള്ളൂർ റോഡിൽ ബാക്കി വരുന്ന ഭാഗത്തിൽ ടാറിംഗ് തുടങ്ങി 31നുള്ളിൽ പൂർത്തീകരിക്കും. അന്നൂർ -കണിയേരി റോഡിൽ കൾവർട്ട് നിർമ്മാണമാണ് ആദ്യം ആരംഭിക്കുക. ഉദ്യോഗസ്ഥർ പരിശോധിച്ച് സ്ഥലം ലഭ്യമാകുന്ന ഭാഗങ്ങളിൽ ഡ്രൈനേജ് നിർമ്മിക്കുവാനും ടാറിംഗ് ഉൾപ്പെടെയുള്ള മറ്റ് പ്രവൃത്തികൾ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാക്കുവാനും തീരുമാനമായി.

ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി. വിശ്വനാഥൻ, പി.വി. സജിത, ജില്ലാ പഞ്ചായത്ത് അംഗം എം. രാഘവൻ, കരിവെള്ളൂർ-പെരളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഗോപാലൻ, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം. ജഗദീഷ്, അസി. എക്സി: എൻജിനീയർ ഇൻ ചാർജ് വി.പി. സജിത്ത്കുമാർ, അസി: എഞ്ചിനീയർ കെ. ദിലീപൻ, റോഡ് കമ്മിറ്റി കൺവീനർ കെ.കെ. ഗംഗാധരൻ, കെ.വി. സുധാകരൻ, കെ. ഗോപാലകൃഷ്ണൻ, കരാറുകാരൻ അബ്ദുൾ ബഷീർ എന്നിവർ പങ്കെടുത്തു.