തലശ്ശേരി: സ്‌കൂൾ തുറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അപകടാവസ്ഥയിലുള്ള സ്കൂൾ കെട്ടിടം ഭീഷണി ഉയർത്തുന്നു. ഗവ. എൽ.പി സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിക്കുന്നത് അധികൃതരുടെ അനാസ്ഥയിൽ പാതി വഴിയിലായതാണ് ഭീഷണി ഉയർത്തുന്നത്.

നാളെ സ്‌കൂൾ തുറക്കുമ്പോൾ സ്‌കൂൾ മുറ്റം കെട്ടിട അവശിഷ്ടങ്ങൾ കൊണ്ട് വികൃതമായിരിക്കയാണ്. തലശ്ശേരി നഗരസഭയ്ക്ക് കീഴി'ലുള്ള സ്‌കൂൾ എൽ.എസ്.ജി.ഡി. എൻജിനീയറിംഗ് വിഭാഗം ഇ. ടെൻഡറിലൂടെ കരാറുകാരനെ ഏൽപ്പിച്ചതാണ്. കെട്ടിടത്തിലെ വിലപിടിപ്പുള്ള മരത്തടികളും ജനലും കട്ടിലയും ഇളക്കി എടുത്തു കൊണ്ടുപോയി. എന്നാൽ ചുമരുകൾ ഒരു ഭാഗം മാത്രം പൊളിച്ചിട്ടിരിക്കുകയാണ്. വളരെ അപകടാവസ്ഥയിലാണ് ബാക്കി ഭാഗം നിൽക്കുന്നത്.

പുതിയ സ്‌കൂൾ കെട്ടിടത്തിന് വളരെ അടുത്ത് മുറ്റത്ത് തന്നെയാണ് പാതി പൊളിഞ്ഞ് വീഴാറായ കെട്ടിടവും ഉള്ളത്. കൗൺസിലറും പി.ടി.എ ഭാരവാഹികളും സ്കൂൾ അധികൃതരും നിരവധി തവണ നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പെട്ടെന്നുതന്നെ ബാക്കി ഭാഗം പൊളിച്ച് വൃത്തിയാക്കണമെന്ന് കരാറുകാരനോട് പറഞ്ഞെങ്കിലും നടന്നില്ല.

കഴിഞ്ഞദിവസം പി.ടി.എ ഭാരവാഹികൾ വീണ്ടും എൻജിനീയറിംഗ് വിംഗിനെ സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. നഗരസഭ ചെയർമാൻ ഇടപെട്ടിട്ടും മാറ്റമുണ്ടായില്ല.

കോഴിക്കോടുള്ള കരാറുകാരനാണ് 15,000 രൂപ കെട്ടിവച്ച് കരാർ ഏറ്റെടുത്തത്. ഏകദേശം രണ്ടുലക്ഷത്തിലധികം രൂപയ്ക്കുള്ള മരത്തടികൾ, ഓട്, കരിങ്കൽ എന്നിവ കടത്തിയെങ്കിലും ചുമർ ഏതു സമയവും ഇടിഞ്ഞുവീഴുന്ന സ്ഥിതിയിലാണുള്ളത്.

ചിത്രവിവരണം: പൂർണ്ണമായും പൊളിച്ചു നീക്കാത്ത ഗവ.എൽ.പി.സ്‌കൂൾ കെട്ടിടം