thuruthi
മയ്യഴിപ്പുഴ വിനോദസഞ്ചാരപദ്ധതിയുടെ ട്രയൽയാത്രയ്ക്ക് അഡ്വ.എ.എൻ.ഷംസീർ എം.എൽ.എയുടെ നേതൃത്വത്തിൽ തുരുത്തി ദ്വീപിൽ എത്തിയ സംഘം

മാഹി: മുന്നൂറ് കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന മയ്യഴിപുഴ വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഉന്നതസംഘം ബോട്ടിൽ ട്രയൽ യാത്ര നടത്തി. ഉത്ഭവകേന്ദ്രമായ കുറ്റിയാടി മലനിരകളുടെ ദൂരക്കാഴ്ചയും കണ്ടൽ വനങ്ങളുമൊക്കെ കണ്ട് കിടഞ്ഞി ഭാഗത്തുള്ള തുരുത്തി ദ്വീപിലേക്കായിരുന്നു അഡ്വ.എ.എൻ.ഷംസീർ,​ സബ് കളക്ടർ അനുകുമാരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യാത്ര.

കണ്ണൂർ ജില്ലയിലെ കരിയാട് പഞ്ചായത്തിന്റേയും കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്തിന്റേയും മദ്ധ്യേയാണ് നാല് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രകൃതി രമണിയമായ ഏഴ് ഏക്കറോളം വരുന്ന തുരുത്തി ദ്വീപ്. മാഹിയിൽ നിന്ന് പുഴ വഴി അഞ്ച് കി.മി.സഞ്ചരിച്ചാൽ ഇവിടെയെത്താം.മയ്യഴിപ്പുഴ വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി പുഴയോരത്ത് ന്യൂമാഹി, പാത്തിക്കൽ, കക്കടവ്, മോന്താൽ, കാഞ്ഞിരക്കടവ് എന്നിവിടങ്ങളിൽ ബോട്ട് ജെട്ടികൾ നിർമ്മിച്ചു കഴിഞ്ഞു. മയ്യഴി വിനോദസഞ്ചാര പദ്ധതിയിലെ ഏറ്റവും മനോഹരമായ ഒരു വ്യൂ പോയിന്റ് ആയി കിടഞ്ഞി തുരുത്തിനെ മാറ്റാമെന്ന് സബ് കലക്ടർ അനുകുമാരി പറഞ്ഞു.

അസ്സിസ്റ്റന്റ് കളക്ടർമാരായ, ആഷിക് മുഹമ്മദ്, സെഹിൻ യാദവ്, സുഫിയാൻ അഹമ്മദ്, സന്ദീപ് കുമാർ, മുൻ ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.രകേഷ്, പഞ്ചായത്ത് അംഗം പി.പി.രാമകൃഷ്ണൻ തുടങ്ങിയവർ ട്രയൽ യാത്രയിൽ പങ്കെടുത്തു.

സ്വപ്‌നദ്വീപാണ് തുരുത്തി
കണ്ണൂർ ജില്ലയിലെ കരിയാട് പഞ്ചായത്തിന്റേയും കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്തിന്റേയും മദ്ധ്യേയാണ് നാല് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രകൃതി രമണിയമായ ഏഴ് ഏക്കർ വരുന്ന തുരുത്തി ദ്വീപ്.
ഒരു കാലത്ത് ഏളമ്പക്ക വൻ തോതിൽ ലഭിച്ചിരുന്ന സ്ഥലമാണിത്. മണലൂറ്റുകൊണ്ട് ഇപ്പോൾ ഇവ ഇല്ലാതായി .രണ്ട് വീടുകളിലായി പതിനാലുപേരാണ് ദ്വീപിലെ അന്തേവാസികൾ.കുടിവെള്ളവും വൈദ്യുതിയും പൈപ്പ് ലൈൻ വഴിയാണ്. വടക്കുഭാഗം കണ്ണൂർ ജില്ലയിലെ കരിയാട് പഞ്ചായത്തിലും തെക്കുഭാഗം ഭാഗം കോഴിക്കോട് ജില്ലയിലെ എടച്ചേരി പഞ്ചായത്തിലുമാണ്. ഒരു സ്വകാര്യ ഹോട്ടലുടമയാണ് ഇവിടുത്തുകാർക്ക് പുറംലോകത്തെത്താനുള്ള തോണി നൽകിയത്. ചെറിയ കുട്ടികൾ പോലും തോണി തുഴയും. പ്രളയകാലത്ത് വീട്ടിനകത്ത് പോലും വെള്ളം കയറും. ദ്വീപിനകത്ത് കൊടുങ്ങല്ലൂർ ഭഗവതിയുടെ ഒരു പൊടിക്കളമുണ്ട്. ഭരണിക്കാലത്ത് ഇവിടെ ഗുരുതി നടക്കും. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ധാരാളം വിശ്വാസികൾ അന്ന് ഉത്സവത്തിൽ പങ്കെടുക്കാനെത്തും. തെങ്ങ് ധാരാളമുള്ളതിനാൽ മുൻകാലങ്ങളിൽ കള്ള് ചെത്തി ചക്കരയുണ്ടാക്കി വിറ്റാണ് ഇവർ ഉപജീവനം കഴിച്ചിരുന്നത്. ഇപ്പോൾ കൂലിവേല ചെയ്താണ് ഇവർ ജീവിക്കുന്നത്.മൂർഖൻ,അണലി തുടങ്ങിയ വിഷപാമ്പുകളുടെ ശല്യം കൂടുതലാണിവിടെ.

പ്രകൃതിരമ്യമായ തുരുത്തിനെ വിനോദസഞ്ചാര ഭൂപടത്തിൽ ചേർത്ത് വെക്കുന്നതിനുള്ള ആദ്യ ചുവട് വെപ്പാണിത്. സ്വകാര്യ പങ്കാളിത്ത മടക്കം ഉപയോഗപ്പെടുത്തി പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതികൾ ആവിഷ്‌ക്കരിക്കും- അഡ്വ:എ.എൻ.ഷംസീർ എം.എൽ.എ

അഡ്വ.എ.എൻ.ഷംസീർ എം.എൽ എയും സബ് കളക്ടർ അനുകുമാരിയുമടങ്ങുന്ന സംഘം തുരുത്തി സന്ദർശിച്ചപ്പോൾ