turf
നിർമ്മാണം പുരോഗമിക്കുന്ന പൊലീസ് മൈതാനിയിലെ ടെറഫ്

3.06 കോടി രൂപയുടെ പ്രവൃത്തിക്ക്‌ ഭരണാനുമതി

കണ്ണൂർ: കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷനിലെ കായികതാരങ്ങളുടെ പരിശീലനത്തിനായി ഫുട്‌ബാൾ ടർഫും അത്‌ലറ്റിക്‌ ട്രാക്കും വരുന്നു.. പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടിൽ ഫുട്‌ബോൾ ടർഫും അത്‌ലറ്റിക്‌ ട്രാക്കിനും കായിക യുവജനക്ഷേമ വകുപ്പ്‌‌ 3.06 കോടി രൂപയുടെ പ്രവൃത്തിക്ക്‌ ഭരണാനുമതി നൽകി.
പ്രകൃതിക്ക്‌ അനുയോജ്യമായ വിധത്തിലായിരിക്കും നിർമാണം. ഗ്രൗണ്ടിൽ പുല്ലുവച്ചുപിടിപ്പിക്കും. നനയ്‌ക്കുന്നതിനുള്ള സ്‌പ്രിങ്ക്‌ളർ സിസ്‌റ്റം ഉൾപ്പെടെയാണ്‌ അനുമതിയായത്‌. ചുമതല ഏറ്റെടുത്ത സ്‌പോർട്‌‌സ്‌ കേരള ഫൗണ്ടേഷൻ നിർമ്മാണം ഉടൻ തുടങ്ങും.
കഴിഞ്ഞ വർഷം മാർച്ചിലാണ്‌ ഒട്ടേറെ കായികതാരങ്ങൾ പിറവിയെടുത്ത കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷനെ സമ്പൂർണ റസിഡൻഷ്യൽ സ്‌കൂളായി പ്രഖ്യാപിച്ചത്‌. സ്‌കൂളിന്റെ ‌ഭരണപരമായ ചുമതല കായിക യുവജനക്ഷേമ വകുപ്പിലേക്ക്‌ മാറിയതോടെയാണ്‌ പരിശീലനത്തിനായി സൗകര്യങ്ങൾ ഒരുക്കുന്നത്‌.
സ്‌കൂളിന്റെ പശ്‌ചാത്തലസൗകര്യം വർധിപ്പിക്കാനായി വിവിധ പദ്ധതികളിലായി 25 കോടി രൂപയും അനുവദിച്ചിട്ടുണ്ട്‌.

തിരിച്ചു പിടിക്കുമോ പ്രതാപം

കണ്ണൂർ സ്‌പോർട്സ് ഡിവിഷനെന്ന് കേട്ടാൽ കായികമേളയ്‌ക്കെത്തുന്ന മറ്റ് സ്കൂളുകൾ ഞെട്ടിയിരുന്ന കാലമുണ്ടായിരുന്നു. പി.ടി ഉഷ, എം.ഡി വത്സമ്മ, ബോബി അലോഷ്യസ് എന്നിങ്ങനെ മികവുറ്റ താരങ്ങളാൽ സമ്പന്നമായിരുന്നു ഭൂതകാലം. ഇന്ന് അതിന്റെ ഏഴയലത്തില്ല. കഴിഞ്ഞ തവണ 27 പേർ സംസ്ഥാന കായികമേളയ്‌ക്ക് പോയെങ്കിലും മെഡൽ നേട്ടം ഒരു വെങ്കലത്തിലൊതുങ്ങി. പ്രതിഭകൾക്ക് പക്ഷേ ഇവിടെ പഞ്ഞമില്ല. പരിശീലിക്കാൻ സ്വന്തമായി ഒരു ഗ്രൗണ്ടില്ല. ആവശ്യത്തിന് പരിശീലകരുമില്ല. കണ്ണൂർ നഗരത്തിലുളളവരെല്ലാം കളിക്കാനെത്തുന്ന പൊലീസ് ഗ്രൗണ്ടാണ് ഏക ആശ്രയം.
150ഓളം കുട്ടികള്‍ക്കായി ആകെ മൂന്ന് പരിശീലകർ മാത്രമാണുള്ളത്‍. അത്‍ലറ്റിക്‌സിൽ 60 കുട്ടികൾക്ക് ഒരു പരിശീലകൻ മാത്രവും. മതിയായ സൗകര്യങ്ങളില്ലാത്ത ഹോസ്റ്റലിൽ കുട്ടികൾ ദുരിതവൃത്തത്തിലുമാണ്.