blood

കണ്ണൂർ :ഹീമോഫീലിയ അടക്കമുള്ള രക്തജന്യ രോഗികൾക്ക് കുത്തിവയ്പ് മരുന്ന്‌ വീട്ടിൽ കൊണ്ടുപോകാൻ നൽകില്ലെന്ന തീരുമാനം തിരുത്തി ആരോഗ്യവകുപ്പ്.

കേരളകൗമുദി തുടർച്ചയായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വീട്ടിൽ കുത്തിവയ്പ് നടത്താമെന്ന് ആരോഗ്യമന്ത്രി നി‌ർദ്ദേശം നൽകിയത്. ഇതനുസരിച്ച് ഒരു വയൽ മരുന്ന് വീട്ടിൽ കൊണ്ടുപോകാം.പത്ത് ഡോസാണ് ഒരു വയൽ. താലൂക്ക്, ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജിലും രക്തജന്യ രോഗികൾക്ക് മികച്ച ചികിത്സയും ഉറപ്പാക്കും.

മെഡിക്കൽ സ്റ്റോറുകളിൽ കിട്ടാത്ത മരുന്ന് സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യമായി വീടുകളിൽ കൊണ്ടുപോകാമായിരുന്നു. രക്തസ്രാവം വരുമ്പോൾ വീടുകളിൽ തന്നെ ഫാക്ടർ മരുന്ന് കുത്തിവയ്‌ക്കുന്നതാണ് ആധുനിക രീതി. മരുന്നിന്റെ അമിത ഉപയോഗം തടയുന്നതിന്റെ ഭാഗമായാണ് വീട്ടിലെ കുത്തിവയ്പ്പ് നിഷേധിച്ചത്. മരുന്നു വിതരണത്തിൽ ഉദ്യോഗസ്ഥർ കോടികളുടെ ക്രമക്കേട് കാട്ടിയതും സർക്കാരിന്റെ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. ഇതിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. രാത്രിയായാലും ആന്തരിക രക്തസ്രാവം ഉണ്ടാകുമ്പോൾ കിലോമീറ്ററുകൾ താണ്ടി താലൂക്ക് ആശുപത്രിയിൽ എത്തണമെന്ന നി‌ർദ്ദേശം തലാസീമിയ, ഹീമോഫീലിയ രോഗികളെ ദുരിതത്തിലാക്കിയിരുന്നു.

കാരുണ്യ ഫാർമസികളിൽ നിന്ന് സൗജന്യ നിരക്കിൽ ഹീമോഫീലിയ മരുന്നുകൾ നൽകരുതെന്നും വിലയ്ക്ക് വാങ്ങാൻ വരുന്നവർക്ക് മെഡിക്കൽ സർവീസസ്

കോർപ്പറേഷൻ ആസ്ഥാനത്തു നിന്നുള്ള നിർദ്ദേശം അനുസരിച്ചേ നൽകാവൂ എന്നും ആരോഗ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

മരുന്നിന്റെ അമിത ഉപയോഗത്തിന്റെ പേരിൽ ചികിത്സ നിഷേധിക്കില്ല. താലുക്ക് ആശുപത്രികളിൽ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കും.ഒരു വയൽ മരുന്ന് കൊണ്ടുപോകാം. ഒരു ഡോസ് മരുന്ന് വിലയ്‌ക്ക് വാങ്ങാനും അനുവദിക്കും. അമിത ഉപയോഗം തടയും.

-വീണാ ജോർജ്, ആരോഗ്യമന്ത്രി

ഹീമോഫീലിയ രോഗികൾക്ക് ഒരു വയൽ മരുന്ന് വീട്ടിൽ ഉപയോഗിക്കാമെന്ന നിർദ്ദേശം സ്വാഗതം ചെയ്യുന്നു .

- കരീം കാരശേരി

കേരള ബ്ളഡ് പേഷ്യന്റ്സ് പ്രൊട്ടക്‌ഷൻ കൗൺസിൽ ജനറൽ കൺവീനർ