നടുവിൽ: എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ വളർച്ചയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ചവരെ എക്കാലവും സ്മരിക്കേണ്ടതുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി പറഞ്ഞു. നടുവിൽ 1596 നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ പുതിയതായി നിർമ്മിച്ച ഗുരുമന്ദിരത്തിന്റെ പ്രതിഷ്ഠാകർമ്മത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പ്രദേശത്തും ശ്രീനാരായണീയരുടെ കൂട്ടായ്മയും വളർച്ചയുമൊക്കെ ആദ്യകാലങ്ങളിൽ ഏകോപിപ്പിച്ചു കൊണ്ടുപോകുകയും ശാഖയ്ക്ക് സ്ഥലം സൗജന്യമായി നൽകുകയും ചെയ്തവരെ മറന്നുകൂടാ. ശാഖയ്ക്ക് വളർച്ചയും വരുമാന സ്രോതസ്സുകളുമൊക്കെ ഉണ്ടായപ്പോൾ ഔദ്യോഗിക സ്ഥാനങ്ങളിൽ വന്നവരേക്കാൾ മുൻകാല പ്രവർത്തകരാണ് ആദരിക്കപ്പെടേണ്ടത്. ഏഴായിരത്തോളം ശാഖകളാണ് ഇപ്പോൾ എസ്.എൻ.ഡി.പി യൂണിയനുള്ളത്. ശ്രീനാരായണ ഗുരുദേവൻ മലബാറിൽ ആദ്യമായി തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതിന്റെ 115-ാം വാർഷികദിനത്തിൽ നടുവിൽ ശാഖായോഗത്തിന്റെ ഗുരുമന്ദിര പ്രതിഷ്ഠാ കർമ്മം നടന്നത് ഗുരുദേവന്റെ അനുഗ്രഹത്താലാണെന്നും സന്തോഷ് അരയാക്കണ്ടി പറഞ്ഞു.