നീലേശ്വരം: പാലായി റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമായതോടെ തേജസ്വിനി പുഴയിലെ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ബോധവത്കരണ സന്ദേശയാത്രയുമായി പാലായിയിലെ ജ്വാല പുരുഷ സ്വയം സഹായ സംഘം പ്രവർത്തകർ രംഗത്തെത്തി. പാലായി മുതൽ പെരുമ്പട്ടവരെയുള്ള മാലിന്യങ്ങൾ നീക്കാനാണ് തേജസ്വിനി പുഴ ശുചീകരണ ബോധവത്കരണ സന്ദേശയാത്ര നടത്തിയത്. കെട്ടിനിൽക്കുന്ന വെള്ളം മലിനമാകാതിരിക്കാനും കുടിവെള്ളമായി ഉപയോഗിക്കാനും വേണ്ടിയാണ് ബോധവത്കരണ സന്ദേശയാത്ര നടത്താൻ സംഘം മുന്നോട്ടുവന്നത്.
ഇതുസംബന്ധിച്ച് പാലായി റഗുലേറ്റർ കം ബ്രിഡ്ജ് പരിസരത്ത് ചേർന്ന യോഗം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി. പ്രവീൺ കുമാർ, പി. മനോഹരൻ, ടി. പ്രഭാകരൻ, എം.വി. രാജീവൻ, വി.വി. ഉദയകമാർ എന്നിവർ സംസാരിച്ചു.
ജ്വാല പുരുഷ സ്വയം സഹായ സംഘം പ്രവർത്തകർ നടത്തിയ ബോധവത്കരണ സന്ദേശയാത്ര കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ ഫ്ലാഗ്ഓഫ് ചെയ്യുന്നു