തൃക്കരിപ്പൂർ: ജീവിതത്തിലെ ഇല്ലായ്മകളെയും ദാരിദ്ര്യത്തെയും തോൽപ്പിച്ചതും വിശപ്പകറ്റിയതും വായനയിലൂടെയായിരുന്നുവെന്ന് കഥയുടെ കുലപതി ടി. പദ്മനാഭൻ പറഞ്ഞു. ഉടുമ്പുന്തല കരികടവിലെ കൈരളി വായനശാലയ്ക്ക് പണിത ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഴയ കാലത്ത് ബീഡി തൊഴിലാളികളും നെയ്ത്തു തൊഴിലാളികളും വായനയോടും വായനശാലയോടുമൊക്കെ അടുത്ത് ഇടപഴകിയിരുന്നത് ആ മേഖലയ്ക്ക് ഏറെ ഊർജ്ജം നൽകിയിരുന്നുവെന്ന് കണ്ണൂരുമായുള്ള അനുഭവങ്ങൾ ഓർമ്മിച്ചു കൊണ്ട് അദ്ദേഹം സൂചിപ്പിച്ചു. പഴയ കാലം പോലെ നിലവിൽ യുവജനങ്ങൾ വായനയോട് വൈമുഖ്യം കാണിക്കുന്ന അവസ്ഥയുണ്ട്. ഇലക്ട്രോണിക് മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റം ഉണ്ടെങ്കിലും അതിനെ പുതിയ തലമുറ ആശ്രയിക്കുന്നുവെങ്കിലും പുസ്തക വായനയുടെ സുഖം മറ്റൊന്നിനും ലഭിക്കുന്നില്ലെന്ന് പദ്മനാഭൻ പറഞ്ഞു.
ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സിക്രട്ടറി പി.വി. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. പി. ദാമോദരൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ ഗ്രന്ഥശാല പ്രവർത്തകൻ പി. അമ്പുവിനെ എൽ.ജെ.ഡി. ജില്ലാ പ്രസിഡന്റ് ടി.വി. ബാലകൃഷ്ണൻ ആദരിച്ചു. വി.കെ. രതീശൻ ലോഗോ പ്രകാശനം ചെയ്തു. എൽ.ജെ.ഡി. പഞ്ചായത്ത് പ്രസിഡന്റ് വെങ്ങാട്ട് കുഞ്ഞിരാമൻ, വി.കെ. രവീന്ദ്രൻ, ടി.വി. ഷിബിൻ, കെ.വി. അമ്പു, വി.വി. ദാമോദരൻ, കെ. കണ്ണൻ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പി. സുകുമാരൻ സമ്മാന വിതരണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി സുരേശൻ മെട്ടമ്മൽ സ്വാഗതവും വി.കെ. രതിശൻ നന്ദിയും പറഞ്ഞു.
ഉടുമ്പുന്തല കരികടവിലെ കൈരളി വായനശാലയ്ക്ക് പണിത ഇരുനില കെട്ടിടം കഥാകൃത്ത് ടി. പദ്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു