മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം റോഡിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ കത്താതായി. മട്ടന്നൂർ -അഞ്ചരക്കണ്ടി റോഡിൽ വായന്തോട് മുതൽ സ്ഥാപിച്ച തെരുവുവിളക്കുകളാണ് രണ്ടാഴ്ചയോളമായി പ്രവർത്തിക്കാത്തത്. വൈദ്യുതി ചാർജ്ജ് ഇനത്തിൽ വൻതുക കുടിശ്ശികയായതിനെ തുടർന്ന് കെ.എസ്.ഇ.ബി. തെരുവുവിളക്കുകളുടെ കണക്ഷൻ വിച്ഛേദിച്ചിരിക്കുകയാണ്.

വായന്തോട് മുതൽ കാര വരെ 129 ഹൈമാസ്റ്റ്, എൽ.ഇ.ഡി.ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന് ശേഷമുള്ള കീഴല്ലൂർ പഞ്ചായത്ത് പരിധിയിൽപ്പെടുന്ന റോഡിലും തെരുവുവിളക്കുകളുണ്ട്. അഞ്ചു ലക്ഷത്തിലധികം രൂപയാണ് വൈദ്യുതി ചാർജ്ജായി കെ.എസ്.ഇ.ബിയിൽ അടയ്ക്കാനുള്ളത്. മാസങ്ങളായി പണമടച്ചിട്ടില്ലെന്നാണ് വിവരം. മട്ടന്നൂർ നഗരസഭാ പരിധിയിലുള്ള തെരുവുവിളക്കുകളുടെ ചാർജ്ജ് ഇനത്തിൽ മൂന്നു ലക്ഷം രൂപയും കീഴല്ലൂർ പഞ്ചായത്ത് പരിധിയിലെ വിളക്കുകളുടെ 2.18 ലക്ഷം രൂപയും കുടിശ്ശികയുണ്ട്.

മുമ്പും ചാർജ്ജ് കുടിശ്ശിക വരുത്തിയതിനെ തുടർന്ന് കെ.എസ്.ഇ.ബി. വിളക്കുകളുടെ ഫ്യൂസ് വിച്ഛേദിച്ചിരുന്നു. വായന്തോട് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റും കൃത്യമായി കത്തുന്നില്ലെന്ന് പരാതിയുണ്ട്. വിമാനത്താവള റോഡിലെ ലൈറ്റുകളിൽ പലതും ഇടയ്ക്കിടെ പ്രവർത്തിക്കാറില്ല. വിമാനത്താവളത്തിലേക്ക് മുഴുവൻ സമയവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.

തലയിൽ വയ്ക്കാതെ കിയാൽ

വൈദ്യുതി ചാർജ്ജ് വഹിക്കുന്നതിലെ തർക്കം മൂലം വിമാനത്താവളം പ്രവർത്തനം തുടങ്ങി ഏറേ വൈകിയാണ് തെരുവുവിളക്കുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങിയത്. വിമാനത്താവള കമ്പനിയായ കിയാൽ ബാദ്ധ്യത ഏറ്റെടുക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടപ്പോൾ വിമാനത്താവളത്തിന് പുറത്തുള്ള തെരുവുവിളക്കുകളുടെ ചാർജ്ജ് വഹിക്കാൻ കഴിയില്ലെന്നായിരുന്നു കിയാലിന്റെ നിലപാട്.

ഒടുവിൽ നഗരസഭ

ഏറ്റെടുത്തു

വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഇവ കത്തിക്കാൻ നടപടിയായത്. സ്വകാര്യ ഏജൻസിയുടെ സഹകരണത്തോടെ നഗരസഭ തന്നെ വിളക്കുകൾ പ്രവർത്തിപ്പിക്കാൻ മുൻകൈയെടുക്കുകയായിരുന്നു.

കുടിശ്ശിക

₹5 ലക്ഷം