saumya
എസ്.ഐ യായി ചാർജെടുക്കാൻ കണ്ണൂരിലെത്തിയ ഇ .യു സൗമ്യ

കണ്ണൂർ: 'തന്നെ പോലുള്ള കാടിന്റെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കണം, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കണം'. ഇന്നലെ ഒൗദ്യോഗികമായി സബ്ബ് ഇൻസ്പെക്ടറായി ചുമതലയേറ്റ തൃശൂർ പാലപ്പിള്ളി എലിക്കോട് ആദിവാസി കോളനിയിലെ സൗമ്യയുടെ സ്വപ്നങ്ങൾ ഇതൊക്കെയാണ്.

കേരള പൊലീസിന്റെ ഭാഗമായെങ്കിലും മലയ വിഭാഗത്തിൽപ്പെട്ട സൗമ്യയ്ക്ക് മാറ്റിനിറുത്തലിന്റെയും പരിഹാസത്തിന്റെയും കയ്പുനീരെന്തെന്ന് നന്നായി അറിയാം. അതിൽ നിന്നെല്ലാമുള്ള ഊർജ്ജമുൾക്കൊണ്ടാണ് ഇന്ന് തലയിലുള്ള പൊലീസ് തൊപ്പി സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ സമൂഹത്തിലെ അടിത്തട്ടിലുള്ളവർക്ക് താങ്ങാവുകയാണ് സൗമ്യയുടെ ഇനിയുള്ള ലക്ഷ്യം. കണ്ണൂരിൽ ഏത് സ്റ്റേഷൻ ചുമതലയാണെന്ന് രണ്ടുദിവസത്തിനകം തീരുമാനമാകും.

തൃശൂർ ജില്ലയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ എസ്.എെ ആണ് സൗമ്യ. നേരിട്ട് പി.എസ്.സി പരീക്ഷയെഴുതിയാണ് എസ്.എെ സ്ഥാനത്തെത്തുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ പി.ജി നേടിയ സൗമ്യ പി.എസ്.സി വഴി ആദ്യം വടക്കാഞ്ചേരി റേഞ്ചിൽ പൂങ്ങോട് ബീറ്റ് ഫോറസ്റ്റ് ഓഫീസറായി. തുടർന്ന് എളനാട് തൃക്കണായ യു.പി സ്കൂൾ അദ്ധ്യാപികയായും ജോലി ചെയ്തു. 2020 ഒക്ടോബർ 30ന് പൊലീസ് അക്കാഡമിയിൽ പരിശീലനത്തിന് ചേ‌ർന്നു.

കഴിഞ്ഞ 11 നാണ് സൗമ്യയുടെ പാസിംഗ് ഒൗട്ട് പരേഡ് കഴിഞ്ഞത്. പരേഡ് കാണാൻ ഭർത്താവ് അരിമ്പൂ‌ർ നാലാംകല്ല് തറയിൽ ടി.എസ്.സുബിനും അമ്മ മണിക്കുമൊപ്പം സൗമ്യയുടെ യു.പി മാമനായ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം യു.പി. ജോസഫുമെത്തിയിരുന്നു.

നിറവേറുന്നത് പിതാവിന്റെ ആഗ്രഹം

എസ്.എെ ആയി ചുമതലയേൽക്കുന്നതോടെ തൃശ്ശൂർ പാലപ്പിള്ളിയിൽ കാട്ടാന കുത്തിക്കൊന്ന പിതാവ് ഉണ്ണിച്ചെക്കന്റെ ആഗ്രഹം കൂടിയാണ് നിറവേറുന്നത്. ഏക മകൾ ഒരു സിവിൽ സെർവന്റായി കാണാൻ കടം വാങ്ങിയാണ് ഉണ്ണിച്ചെക്കൻ മികച്ച വിദ്യാഭ്യാസം നൽകിയത്. എന്നാൽ എസ്.എെ ആയി ചുമതലയേൽക്കുന്നത് കാണാൻ ഏറ്റവുമധികം ആഗ്രഹിച്ച അച്ഛൻ കൂടെ ഇല്ലാത്തത് വലിയ നീറ്റലായി സൗമ്യക്കൊപ്പമുണ്ട്. 2021 ജനുവരി 28 ന് ആണ് ഉണ്ണിച്ചെക്കൻ കാട്ടാന ചവിട്ടി മരണപ്പെട്ടത്. ആദിവാസി ക്ഷേമ സമിതി തൃശ്ശൂർ ജില്ലാ പ്രസിഡന്റായിരുന്നു.

പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള മൂന്ന് മാസത്തെ പി.എസ്.സി ക്ലാസിലൂടെയാണ് പഠനം കൂടുതൽ മെച്ചപ്പെടുത്താൻ സാധിച്ചത്. ഇൗ ക്ലാസ് ഒരു വർഷത്തേക്ക് നീട്ടിയാൽ, പി.എസ്.സി ക്ലാസിന് ചേരാൻ കഴിയാത്ത ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാഭ്യാസമുള്ള പലർക്കും സർക്കാർ ജോലി സ്വന്തമാക്കാൻ കഴിയും.

-സൗമ്യ