
കണ്ണൂർ : തോട്ടട പന്ത്രണ്ടുകണ്ടി റോഡിൽ വിവാഹ വീട്ടിനടുത്തുണ്ടായ ബോംബേറിൽ ജിഷ്ണു എന്ന യുവാവ്
കൊല്ലപ്പെട്ട കേസിൽ സുഹൃത്തായ ഏച്ചൂർ സ്വദേശി പി .അക്ഷയിനെ പൊലീസ് അറസ്റ്റു ചെയ്തു. ബോംബ് നിർമ്മിച്ചതിനും, സംഘർഷമുണ്ടാക്കിയതിനും സി.കെ.റിജുൽ , സനീഷ്, ജിജിൽ എന്നിവരെ കസ്റ്റഡിയിലെടുത്തു..
ബോംബെറിഞ്ഞ മിഥുൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.ഏച്ചൂരിൽ നിന്ന് വരന്റെ വീട്ടിലെത്തിയ സംഘത്തിന്റെ പക്കലാണ് ബോംബുണ്ടായിരുന്നത്. ഏച്ചൂർ സംഘത്തിൽപ്പെട്ട ജിഷ്ണുവിനും,പിടിയിലായ അക്ഷയിനും ഒളിവിലുള്ള മിഥുനും ബോംബ് കൊണ്ടുവന്ന കാര്യം അറിയാമായിരുന്നു. ശനിയാഴ്ച രാത്രിയാണ് ഇവർ ഗൂഢാലോചന നടത്തിയത്. സംഘം ഏറുപടക്കം വാങ്ങി സ്‌ഫോടക വസ്തുക്കൾ ചേർത്താണ് നാടൻ ബോംബുണ്ടാക്കിയത്
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തോട്ടട ചാലപന്ത്രണ്ടു കണ്ടി റോഡിലെ 'സിന്ദൂരം 'വീട്ടിൽ ഷമൽരാജിന്റെ വിവാഹത്തോടനുബന്ധിച്ച് ബോംബേറുണ്ടായത്. വിവാഹവീട്ടിൽ വച്ച് തോട്ടട, ഏച്ചൂർ നിവാസികൾ തമ്മിലുള്ള വാക്കേറ്റം ബോംബേറിൽ കലാശിക്കുകയായിരുന്നു. ഏച്ചൂരിൽ നിന്നെത്തിയ സംഘത്തിൽപ്പെട്ടയാൾ എറിഞ്ഞ ബോംബ് മറ്റൊരാളുടെ കൈയിൽ തട്ടി തലയിൽ തെറിച്ചാണ് അതേ സംഘത്തിലെ ബാലക്കണ്ടി ഹൗസിൽ സി. എം. ജിഷ്ണു( 26) കൊല്ലപ്പെട്ടത്.കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി പി. ആർ. രാജീവ്, എ. എസ്.പി വിജയഭാരത് റെഡ്ഡി, എ.സി.പി പി.പി. സദാനന്ദൻ, എടക്കാട് ഇൻസ്പെക്ടർ എം. അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചിലരെ ചോദ്യം ചെയ്തു.കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ചേലോറ ഗ്രൗണ്ടിൽ പൊതു ദർശനത്തിന് വച്ചു. തുടർന്ന് വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ പയ്യാമ്പലത്ത് സംസ്കരിച്ചു.
അറസ്റ്റിലായ പ്രതി ഏച്ചൂർ സ്വദേശി അക്ഷയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. താഴെ ചൊവ്വയിലെ പടക്കകടയിൽ അറസ്റ്റിലായ അക്ഷയിനെ എത്തിച്ചായിരുന്നു തെളിവെടുപ്പ് . അക്ഷയ് കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.
അക്ഷയ് നിരപരാധിയെന്ന്
പിതാവ്
അറസ്റ്റിലായ അക്ഷയ് സംഭവത്തിൽ നിരപരാധിയാണെന്ന് പിതാവ് പ്രസന്നൻ. പറഞ്ഞു. അക്ഷയ് ഇതിനു മുമ്പ് ഒരു കേസിലും ഉൾപ്പെട്ടിട്ടില്ല. മരിച്ച ജിഷ്ണുവും മകനും സുഹൃത്തുക്കളാണ്.മകൻ ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് ഉറപ്പുണ്ട്. അവന്റെ നിരപരാധിത്വം തെളിയിക്കും. വേറെയാരെയും കിട്ടാത്തതു കൊണ്ട് അവനെ കുടുക്കിയതാണ്. പൊലീസ് നിർബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചതാകാമെന്നും പിതാവ് പറഞ്ഞു.