
കണ്ണൂർ: ക്ഷണിക്കാത്ത കല്യാണത്തിന് പോയി വരന്റെയും വധുവിന്റെയും പാർട്ടിയിൽപെട്ടവരാണെന്ന് തോന്നിപ്പിച്ച് മൂക്കുമുട്ടെ കഴിച്ച് മടങ്ങുന്ന 'കല്യാണ ഉണ്ണികളുടെ' കുസൃതികളല്ല ഇന്ന് കാരണവന്മാരുടെ തലവേദന. വരന്റെ അടുപ്പക്കാരായി എത്തി പലവിധത്തിലുള്ള കോപ്രായങ്ങൾ കാട്ടി വിവാഹവീടിനെ ദുരന്തസ്ഥലം പോലെ ഇളക്കിമറിച്ച് മടങ്ങുന്ന ഒരു വിഭാഗമാണ്. ഗ്രാമ,നഗര,സമുദായ വ്യത്യാസമില്ലാതെ കല്യാണ ആഭാസത്തിന്റെ പേരിൽ ഇവർ കണ്ണീർകുടിപ്പിച്ച കുടുംബങ്ങൾ അനവധിയാണ്.
ഏറ്റവുമൊടുവിൽ തോട്ടടയിലെ വിവാഹവീട്ടിനടുത്തുണ്ടായ സ്ഫോടനത്തിൽ ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ടത് കല്യാണം 'കലക്കി'കളുടെ ആഭാസപ്രകടനത്തിന്റെ ഭാഗമായാണ്. പൊലീസും നാട്ടുകാരുമെല്ലാം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട് . കഴിഞ്ഞ കുറെ വർഷങ്ങളായി കല്യാണത്തോടനുബന്ധിച്ച് അരങ്ങേറുന്ന ആഭാസത്തരം അതിരുവിട്ട് ഒരു കുടുംബമാണ് ഏച്ചൂരിൽ അനാഥമായത് . വിവാഹച്ചടങ്ങുകളിലെ അതിരുവിടുന്ന ആഘോഷങ്ങൾ നാടിന്റെ സമാധാനം കെടുത്തുന്നത് കണ്ണൂരിലെ കാഴ്ചയാണ്.
തോട്ടട, ഏച്ചൂർ ദേശക്കാർ തമ്മിലുള്ള തർക്കമാണ് കഴിഞ്ഞ ദിവസം വിവാഹവീട്ടിനരികെ ബോംബേറിൽ കലാശിച്ചത്.വിവാഹത്തലേന്ന് പെൺവേഷം കെട്ടി നൃത്തം വച്ചത് ഇരുദേശക്കാർ തമ്മിലുള്ള വാക്കേറ്റത്തിന് വഴി വെക്കുകയായിരുന്നു.
കെട്ടിയിട്ട് നടത്തം മുതൽ പടക്കം പൊട്ടിച്ച് പേടിപ്പിക്കൽ വരെ
വരനെയും വധുവിനെയും കെട്ടിയിട്ട് നടത്തിക്കുക, കൂകി വിളിക്കുക, തലയിൽ വെള്ളമൊഴിക്കുക, പടക്കംപൊട്ടിച്ച് ഭയപ്പെടുത്തുക തുടങ്ങിയ കോപ്രായങ്ങൾ വരന്റെ കൂട്ടുകാരായ യുവാക്കൾ വിവാഹദിവസം നടത്താറുണ്ട്. ഭയന്ന് ബോധരഹിതയായ വധുവിനെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സംഭവങ്ങളടക്കം കണ്ണൂരിൽ ഉണ്ടായിട്ടുണ്ട്.
വിവാഹവീടുകളിലുണ്ടാകുന്ന അനാശാസ്യ പ്രവണതകൾക്കെതിരെ ഇടക്കാലത്ത് സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോൾ ഇത്തരം ആഭാസങ്ങൾ നിലച്ചതായിരുന്നു. എന്നാൽ കൊവിഡ് അടച്ചിടലിനുശേഷം നിയന്ത്രണങ്ങൾ ഒഴിവായി കൂടുതൽ പേർ വിവാഹച്ചടങ്ങുകളിൽ പങ്കാളികളാകാൻ തുടങ്ങിയതോടെ അതിരുവിടുന്ന പ്രകടനങ്ങൾ വീണ്ടും തലപൊക്കുകയാണ്.
പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എ.സി.പി
കണ്ണൂർ: തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ടതിന് ശേഷമുള്ള നടപടി ക്രമങ്ങളിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എ.സി.പി പി.പി. സദാനന്ദൻ പറഞ്ഞു. കൊലചെയ്യപ്പെട്ട ജിഷ്ണുവിന്റെ മൃതദേഹം ഒന്നര മണിക്കൂറോളം റോഡിൽ തന്നെ കിടന്നിരുന്നു. ഇതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. എന്നാൽ അക്രമത്തിൽ പരിക്ക് പറ്റിയാൽ മാത്രമാണ് ഒരാളെ ഉടൻ ആശുപത്രിയിലെത്തിക്കുക. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തല ചിന്നി ചിതറിയ നിലയിലായിരുന്നു. ഇതിന്റെ ഭാഗമായി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കേണ്ടതായിട്ടുണ്ട്. ഇതിനാലാണ് ഒന്നര മണിക്കൂർ മൃതദേഹം മാറ്റാതെ വെച്ചതെന്നും എ.സി.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് ശേഷം പൊലീസിന് വീഴ്ചപറ്റിയെന്ന് ആരോപിച്ച് സ്ഥലത്ത് യു.ഡി.എഫ് പ്രവർത്തകർ തടിച്ച് കൂടുകയും എൽ.ഡി.എഫ് പ്രവർത്തകരുമായി വാക്കേറ്റവുമുണ്ടായിരുന്നു.
ജനകീയയാത്രയുമായി ഡി.സി.സി
കണ്ണൂർ:കണ്ണൂരിൽ കുടിൽ വ്യവസായം പോലെ തഴച്ചു വളരുന്ന ബോംബ് നിർമ്മാണം തടയുന്നതിലും യുവജനങ്ങൾക്കിടയിൽ പിടിമുറുക്കുന്ന മയക്കുമരുന്നു മാഫിയയെ നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ട പൊലീസ് സംവിധാനത്തിനെതിരേ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 18ന് വൈകുന്നേരം 3.30ന് തോട്ടടയിൽ നിന്നും കണ്ണൂർ സിറ്റിയിലേക്ക് ജനകീയ യാത്ര സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് അറിയിച്ചു. തോട്ടട സംഭവത്തിൽ സി.പി.എം നേതൃത്വത്തിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.
ബോംബ് നിർമ്മാണത്തെ തള്ളിപ്പറയാതെ വിവാഹം പോലെ പരിപാവനമായ ചടങ്ങിൽ ബോംബുമായി പോകുന്നതാണ് കുറ്റമെന്നു പറയുന്ന സി.പി.എം ജില്ലാ സെക്രട്ടറി എം .വി ജയരാജൻ ക്രിമിനലുകളെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. സിപിഎമ്മിന്റെ ക്രിമിനൽ സംഘം തന്നെയാണ് തോട്ടടയിൽ അക്രമം നടത്തിയതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ടെന്നും ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി.
വിവാഹ ആഭാസത്തിനെതിരെ ബോധവത്കരണത്തിന് സി.പി.എം
കണ്ണൂർ: വിവാഹ ആഭാസങ്ങൾക്കെതിരെ ഇന്ന് തോട്ടടയിലും ഏച്ചൂരിലും യുവജനങ്ങളും മഹിളകളും ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. തോട്ടട സംഭവത്തെ സി.പി. എമ്മിനെതിരെ രാഷ്ട്രീയ പ്രചാരണ ആയുധമാക്കുന്ന ബി.ജെ.പിയെ ഒറ്റപ്പെടുത്തണം.വിവാഹവേളയിൽ ആഭാസങ്ങൾ അക്രമത്തിലേക്കും കൊലയിലേക്കും നീങ്ങുന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ് തോട്ടടയിൽ ഉണ്ടായ ബോംബേറും, കൊലപാതകവുമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹ വീട്ടിൽ ഉണ്ടായ പാട്ടിനെ ചൊല്ലിയുണ്ടായ തർക്കമാണ് ബോംബ് സ്‌ഫോടനത്തിലേക്കും, ഒരു യുവാവിന്റെ മരണത്തിലേക്കും നയിച്ചതെന്ന് പൊലീസും മാദ്ധ്യമങ്ങളും ഒരുപോലെ വ്യക്തമാക്കിയതാണ്. എന്നിട്ടും ചിലർ തിമിരം ബാധിച്ച കണ്ണിലൂടെ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുകയാണ് ചെയ്യുന്നത്. സി.പി.എമ്മിനെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ള ബി.ജെ.പിയുടെ പ്രതികരണം ആടിനെ പേപ്പട്ടിയാക്കുന്നതാണ്. ബോംബ് നിർമ്മാണത്തിൽ വൈദഗ്ദ്യം നേടിയ ബി.ജെ.പിക്കാർ ഇത്തരം സംഭവങ്ങളെ രാഷ്ട്രീയവൽക്കരിക്കുക വഴി വിവാഹ ആഭാസങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് ചെയ്യുന്നതെന്നും ജയരാജൻ പറഞ്ഞു.
എം.വി.ജയരാജൻ പ്രതികരിക്കണമെന്ന് ബി.ജെ.പി
കണ്ണൂർ: തോട്ടടയിൽ ബോംബ് സ്‌ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രതികരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ആവശ്യപ്പെട്ടു.
സി.പി.എം പാതിരാക്കാട് പറമ്പ് സഖാക്കളിലൊരാളാണ് കൊല്ലപ്പെട്ട ജിഷ്ണു. കണ്ണൂർ ജില്ലയിൽ രാഷ്ട്രീയാക്രമങ്ങൾ നേരത്തെയുണ്ടായിട്ടുണ്ടെങ്കിലും വിവാഹ വീട്ടിലെ അകമ സംഭവം ആദ്യത്തെതാണ്. ജില്ലയ്ക്കാകെ നാണക്കേടുണ്ടാക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം തോട്ടടയിൽ നടന്നത് .മുഖ്യമന്ത്രിയുടെ നാട്ടിൽ ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രഞ്ജിത്ത് കുറ്റപ്പെടുത്തി.
വാർത്താസമ്മേളനത്തിൽ ബി.ജെ.പി നേതാകളായ ബിജു ഏളക്കുഴി, സുരേഷ്‌കുമാർ , യു.ടി ജയന്തൻ ,ഷമീർ ബാബുഎന്നിവരും സംബന്ധിച്ചു.
സി.പി.എമ്മിനെതിരെ ആരോപണവുമുയർത്തി മേയർ
കണ്ണൂർ: തോട്ടടയിൽ വിവാഹവീട്ടിലെ ബോംബേറുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ ആരോപണവുമായി കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ .പ്രതികൾ തലേന്ന് ബോംബേറ് പരിശീലനം നടത്തിയെന്ന് ടി.ഒ. മോഹനൻ ആരോപിച്ചു.ചേലോറയിലെ മാലിന്യ സംസ്‌കരണ സ്ഥലത്ത് വച്ചായിരുന്നു പരിശീലനം നടത്തിയത്. ഉഗ്രശബ്ദത്തിൽ അർദ്ധരാത്രി പൊട്ടിത്തെറിയുണ്ടായെന്നും മോഹനൻ വ്യക്തമാക്കി.കേസിലെ പ്രതികളെല്ലാം സജീവ സി.പി.എം പ്രവർത്തകരാണ്. കൊല്ലപ്പെട്ട ജിഷ്ണു ഏച്ചൂരിലെ സി.പി.എം പ്രവർത്തകനാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും മോഹനൻ ആവശ്യപ്പെട്ടു.