cpm
സി.പി.എം പാർട്ടി കോൺഗ്രസ് പ്രചാരണത്തിനുള്ള ഫേസ് ബുക്ക് പേജിന്റെ ഉദ്ഘാടനം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി നിർവഹിക്കുന്നു.

കണ്ണൂർ: സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ഫേസ് ബുക്ക് പേജ് തുടങ്ങി. ഓൺലൈനായി നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് ഫേസ് ബുക്ക് പേജ് തുടങ്ങുന്നതെന്ന് കോടിയേരി പറഞ്ഞു.

കണ്ണൂരിൽ ആദ്യമായാണ് പാർട്ടിയുടെ അഖിലേന്ത്യാ സമ്മേളനം നടക്കുന്നത്. വിമാനത്താവളം വന്നതും മറ്റ് പശ്ചാത്തല സൗകര്യം ഒരുങ്ങിയതും പാർട്ടി കോൺഗ്രസ്സിനുള്ള വേദിയായി കണ്ണൂർ മാറാൻ കാരണമായി. കേന്ദ്ര സ്വാഗതസംഘത്തിന് പുറമെ ഏരിയ, ലോക്കൽ, ബ്രാഞ്ച് തലത്തിലും സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ചെലവ് പൂർണമായും ജനങ്ങളിൽ നിന്ന് ശേഖരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
ജില്ലാ സെക്രട്ടറിയും സംഘാടക സമിതി ട്രഷററുമായ എം.വി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി. ഗോപിനാഥ് പങ്കെടുത്തു. നവമാദ്ധ്യമ സമിതി ചെയർപേഴ്‌സൺ എൻ. സുകന്യ സ്വാഗതവും കൺവീനർ അഡ്വ. പി. സന്തോഷ് നന്ദിയും പറഞ്ഞു. ഏപ്രിൽ 6 മുതൽ 10 വരെയാണ് കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത്.