kazhakam
പാലക്കുന്ന് ക്ഷേത്ര മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്കരന് തുക കൈമാറി സി.എച്ച്. നാരായണൻ ധനസമാഹരണം ഉദ്ഘാടനം ചെയ്യുന്നു

ധനസമാഹരണം തുടങ്ങി

പാലക്കുന്ന് : അന്തിയുറങ്ങാൻ നല്ലൊരു കൂരയില്ലാത്ത കുടുംബങ്ങളെ കണ്ടെത്തി വീട് നിർമ്മിച്ച് നൽകാൻ പദ്ധതിയുമായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര മാതൃസമിതി. ഒരു വർഷം നീളുന്ന സമിതിയുടെ ദശാബ്ധി ആഘോഷത്തിന്റെ ഭാഗമായാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി ഭണ്ഡാരവീട് തിരുമുറ്റത്ത് ക്ഷേത്ര ആചാരസ്ഥാനികരുടെ സാന്നിധ്യത്തിൽ മാതൃസമിതി പ്രസിഡന്റ്‌ മിനി ഭാസ്കരന് ആദ്യ തുക കൈമാറി മുൻ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സി. എച്ച്. നാരായണൻ ധനസമാഹരണം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കഴകം ഭാരവാഹികളും മാതൃസമിതി വൈസ് പ്രസിഡന്റുമാരായ വിനയ വേണുഗോപാലൻ, ബേബി ബാലകൃഷ്ണൻ ,​ജനറൽസെക്രട്ടറി വീണാ കുമാരൻ ,​സെക്രട്ടറിമാരായ ദേവകി സുരേഷ്, ശ്രീലേഖ ദാമോദരൻ,​ ട്രഷറർ സുകുമാരി അമ്പാടി എന്നിവരും സംബന്ധിച്ചു.

അർഹരെ കണ്ടെത്താൻ പ്രത്യേക കമ്മിറ്റി

വിവിധ പ്രാദേശിക സമിതികളിൽ നിന്ന് നിർദേശിക്കുന്ന പട്ടികയിൽ നിന്ന് അർഹരായവരെ കണ്ടെത്താൻ സൂക്ഷ്മ പരിശോധന കമ്മിറ്റിക്ക് രൂപം നൽകുമെന്ന് മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്കരൻ പറഞ്ഞു. മൂന്ന് പഞ്ചായത്തുകളിൽ 32 പ്രാദേശിക മാതൃസമിതികളുടെ മേൽഘടകമായാണ് 2012ൽ ക്ഷേത്ര ഭരണ സമിതിയുടെ കീഴിൽ കേന്ദ്ര മാതൃസമിതിയ്ക്ക് രൂപം നൽകിയത്. വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്നവർക്ക് അവാർഡും, അവശതയനുഭവിക്കുന്നവർക്ക്‌ ചികിത്സാ സഹായവും തൊഴിൽ രംഗത്ത് സ്ത്രീകൾക്കായി സ്വയംസംരംഭക അവസരങ്ങൾ ഉണ്ടാക്കാനും സമിതി മുന്നിട്ടിറങ്ങുന്നുണ്ട്‌. സാമൂഹിക പ്രതിബദ്ധതയ്ക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന പ്രാദേശിക മാതൃസമിതികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഉപരിസഭയാണ്‌ ക്ഷേത്ര മാതൃ സമിതി.

പാലക്കുന്ന് ക്ഷേത്ര മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്കരന് തുക കൈമാറി സി.എച്ച്. നാരായണൻ ധനസമാഹരണം ഉദ്ഘാടനം ചെയ്യുന്നു