പരിയാരം: മാതമംഗലത്ത് എസ്.ആർ അസോസിയേറ്റ്സിൽ തൊഴിലെടുക്കാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് അൻപത് ദിവസത്തിലേറെയായി സ്ഥാപനത്തിന് മുന്നിൽ നടത്തുന്ന സി.ഐ.ടി.യു സമരത്തിനിടെ പരിയാരം പൊലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐക്ക് നേരെ സി.ഐ.ടി.യു നേതാവിന്റെ ഭീഷണി. എസ്.ആർ അസോസിയേറ്റ്സിൽ നിന്നും സാധനങ്ങൾ വാങ്ങിയതിനെ തുടർന്ന് മർദ്ദനമേറ്റ യൂത്ത് ലീഗ് പ്രവർത്തകർ അഫ്സൽ കൂഴിക്കാടിനെ കഴിഞ്ഞദിവസം വാഹനത്തിൽ പിന്തുടർന്ന് മാരകായുധങ്ങളുമായി ആക്രമിക്കാൻ ശ്രമം നടന്നിരുന്നു. സംഭവത്തിൽ പ്രതിയായ സി.ഐ.ടി.യു പ്രവർത്തകൻ രഞ്ചിത്തിനെ പരിയാരം എസ്.ഐ രൂപ പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്തതിനെതിരെയാണ് സി.ഐ.ടി.യു പെരിങ്ങോം ഏരിയാ സെക്രട്ടറി എം.വി ദാമോദരൻ ഭീഷണി പ്രസംഗം നടത്തിയത്. പാർട്ടി ഓഫീസിൽ കയറാൻ എങ്ങനെയാണ് ധൈര്യപ്പെട്ടതെന്നും ഞങ്ങൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിൽ രോമത്തിൽ തൊടാൻ അനുവദിക്കില്ലെന്നുമാണ് പ്രസംഗം. വധശ്രമക്കേസിലെ പ്രതിയായ രഞ്ചിത്ത് മണിക്കൂറുകൾക്കകം പുറത്തിറങ്ങിയതിലും പൊലീസിന് നേരെ വിമർശനമുയർന്നിട്ടുണ്ട്.