ഇരിട്ടി: പായം ഏച്ചിലത്ത് തൊഴിലുറപ്പ് പ്രവൃത്തിക്കിടെ കടന്നൽ കുത്തേറ്റ് 9 പേർക്ക് പരിക്ക്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരേയും ഇരുചക്രവാഹന യാത്രക്കാരനേയും കടന്നലുകൾ ആക്രമിച്ചു. തൊഴിലുറപ്പ് തൊഴിലിൽ ഏർപ്പെട്ട കമലാക്ഷി, പായം കോണ്ടംബ്ര സ്വദേശികളായ ജയന്തി, രോഹിണി, ധന്യ, സരസ്വതി, വിജയൻ, ബിന്ദു എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ രക്ഷിക്കുന്നതിനിടയിൽ എരുമത്തടത്തെ ഗോഡൗൺ തൊഴിലാളിയായ മനോജിനും, ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഏച്ചിലം സ്വദേശി കരുണാകരനും കടന്നലിന്റെ കുത്തേറ്റു.
ഇരിട്ടിയിൽ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകിയത്.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലിനിടയിൽ കാടുവെട്ടി തെളിക്കുന്നതിനിടെ ഇളകിവന്ന കടന്നൽ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. കമലാക്ഷിയെ ആണ് ആദ്യം കടന്നാൽ ആക്രമിച്ചത്. ഇവർ ഓടി സമീപത്തെ തോട്ടിൽ ചാടുകയായിരുന്നു. കമലാക്ഷിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ മറ്റുള്ളവരേയും ഇതുവഴി ബൈക്കിൽ എത്തിയ കരുണാകരനെയും കടന്നൽ ആക്രമിക്കുകയായിരുന്നു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല.