photo-1

കണ്ണൂർ:കൺമുന്നിൽ സഹോദരിമാരും ചെറിയമ്മയും മുങ്ങിതാഴുമ്പോൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കൂടിയായ ശീതൾ കാണിച്ച ആത്മധൈര്യത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല.ധീരതയ്ക്കുള്ള ദേശീയ അവാ‌ർഡിലേക്ക് കടന്നപ്പള്ളി സ്വദേശി ശീതൾ കെ.ശശിയെ എത്തിച്ചത് ആ മൂന്നുജീവനുകളെ സമയോചിതമായി ഇടപെട്ട് രക്ഷിച്ചതിനുള്ള അഭിനന്ദനമെന്ന നിലയിലാണ്. കഴി‌‌‌ഞ്ഞ വർഷം ആഗസ്ത് ഏഴിനെ ദുരന്തദിവസമാക്കുമായിരുന്നിടത്തുനിന്നാണ് ഈ പെൺകുട്ടിയിൽ ദൈവത്തിന്റെ കരം പ്രവർത്തിച്ചത്.

ശീതളിന്റെ അമ്മ ഷീജയുടെ സഹോദരി ഏഴിലോടുള്ള ഷൈമയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു കുടുംബം.ചടങ്ങുകൾ കഴിഞ്ഞതോടെ ബന്ധുക്കളിൽ ചിലർ വീടിനു സമീപത്തുള്ള കുളത്തിൽ കുളിക്കാൻ പോയി. ശീതളിന്റെ സഹോദരി ശിൽപ്പ ഷൈമയുടെ മകൾ ആരാധ്യയെ നീന്തൽ പഠിപ്പിക്കുന്നതിനിടയിൽ ഇരുവരും വെള്ളത്തിനടിയിലേക്ക് താഴ്ന്നു.ഇതു കണ്ട ഷൈമ വെള്ളത്തിലേക്കെടുത്ത് ചാടിയെങ്കിലും മൂവരും കൂടുതൽ ആഴത്തിലേക്ക് താഴുകയായിരുന്നു.

കുളത്തിൽ മൂങ്ങി താഴുന്ന സഹോദരിയെയും ചെറിയമ്മയെയും കണ്ട് ആദ്യമൊന്ന് ഭയന്നെങ്കിലും മനസാന്നിദ്ധ്യം ഒട്ടും കൈവിടാതെ ശീതൾ കുളത്തിലേക്ക് ചാടി ഓരോരുത്തരെയും വലിച്ചടുപ്പിക്കാൻ ശ്രമിച്ചു.എന്നാൽ മരണവെപ്രാളത്തിൽ സഹോദരി ശിൽപ്പ അവളെ പിടിച്ച് വെള്ളത്തിൽ മുക്കി.ശിൽപ്പയുടെ കൈതട്ടിമാറ്റി ശീതൾ തിരിച്ചുകയറി നീന്തൽ പഠിക്കാൻ ഉപയോഗിച്ചിരുന്ന കന്നാസുകളും തേങ്ങയും സഹോദരിമാർക്കും ചെറിയമ്മയ്ക്കും നേരെയിട്ട് കൊടുത്തു. മൂന്നു പേരും അതിൽ പിടിച്ചു വെള്ളത്തിൽ പൊങ്ങി കിടന്നു. തിരിച്ച് കുളത്തിലേക്ക് ചാടിയ ശീതൾ മൂവരെയും മുടിയിൽ പിടച്ച് കരയിലേക്ക് വലിച്ചു കയറ്റി. മുതിർന്നവർ എന്തു ചെയ്യണമെന്നറിയാതെ കരയിൽ പതറി നിന്നപ്പോഴായിരുന്നു ഒരു എട്ടാം ക്ലാസുകാരി മൂന്നു ജീവനുക‍ളെ തിരിച്ചെടുത്തത്.

കടന്നപ്പള്ളി ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ ശീതളിന് മുതിർന്നാൽ പൊലീസുകാരിയാകാനാണ് ആഗ്രഹം.മറ്റുള്ളവരെ സഹായിക്കണമെന്ന മനോഭാവം എപ്പോഴുമുണ്ടെന്ന് അമ്മ കെ.ഷീജ പറ‌‌ഞ്ഞു.പ്രവാസിയായ പി.ശശിയാണ് ശീതളിന്റെ പിതാവ്.

ദേശീയ അവാർഡിന് വേണം വീട്ടിലെത്താനൊരു വഴി

അഭിനന്ദനങ്ങൾക്കിടയിലും വീട്ടിലേക്കെത്താൻ നല്ലൊരു വഴിയില്ലാത്തതാണ് ശീതളിന്റെ വലിയൊരു വിഷമം.അയൽവാസിയുടെ പറമ്പിൽ നിന്നും സ്ഥലം വിലയ്ക്ക് വാങ്ങി വഴിയൊരുക്കേണ്ട അവസ്ഥയാണിപ്പോൾ.ബൈക്ക് പോലും വീട്ടിലേക്കെത്തിക്കാൻ കഴിയില്ല. സ്കൂളിലും മറ്റും പോകാൻ പോലും വലിയ ബുദ്ധിമുട്ടാണെന്നും ശീതൾ പറഞ്ഞു.