jyothish

കാസർകോട്: കൊലപാതകശ്രമക്കേസിലടക്കം പ്രതിയായ ബി.എം.എസ് പ്രവർത്തകനെ വീടിന് സമീപത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അണങ്കൂർ ജെ.പി കോളനിയിലെ ഗോപാലകൃഷ്ണ-രാജീവി ദമ്പതികളുടെ മകനും ചുമട്ടുതൊഴിലാളിയുമായ ജ്യോതിഷിനെയാണ് (35) ഇന്നലെ പുലർച്ചെ വീടിന് സമീപത്തെ മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. എസ്.ഡി.പി.ഐ പ്രവർത്തകൻ തളങ്കരയിലെ സൈനുൽ ആബിദ് വധഗൂഢാലോചന കേസിൽ പ്രതിയാണ്. 2010 ഫെബ്രുവരി ഏഴിന് കറന്തക്കാട്ട് രാജേഷ്, സഹോദരൻ അജിത് എന്നിവരെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, മന്നിപ്പാടിയിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചയാളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, ബൈക്കിൽ യാത്രചെയ്യുമ്പോൾ ജെ.പി കോളനിയിലെ ഷമീമിനെയും സുഹൃത്തിനേയും 2011 സെപ്റ്റംബർ രണ്ടിന് അഹമ്മദ് ജാബിർ എന്നയാളെയും സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസ് എന്നിവയിലും പ്രതിയാണ്. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ സിനാൻ, ചൂരി ബട്ടംപാറയിലെ റിഷാദ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നെങ്കിലും തെളിവിന്റെ അഭാവത്തിൽ ജ്യോതിഷിനെ വിട്ടയച്ചിരുന്നു. 2013 ഫെബ്രുവരി അഞ്ചിന് ചെങ്കള നാലാംമൈലിൽ വച്ച് കുത്തേറ്റിരുന്നു. ഭാര്യ: ആഷ. മക്കൾ: യദുവീർ, വിദ്യുത്, അദ്വിക.