നീലേശ്വരം: പാലായി റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും കുടിവെള്ള വിതരണം കാര്യക്ഷമമാക്കി അതിന്റെ പ്രയോജനം പ്രാവർത്തികമാക്കാത്തതിൽ പ്രതിഷേധമുയരുന്നു. 65 കോടിയുടെ പദ്ധതി യാഥാർത്ഥ്യമായിട്ടും അതുകൊണ്ടുള്ള ഗുണം ജനങ്ങളിലേക്കെത്തിക്കേണ്ട പ്രവർത്തിയാണ് തുടങ്ങാത്തത്.
നീലേശ്വരം നഗരസഭ, കിനാനൂർ കരിന്തളം, കയ്യൂർ-ചീമേനി പഞ്ചായത്തുകൾ കൂടാതെ സമീപ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാനും കാർഷികാഭിവൃദ്ധി മെച്ചപ്പെടുത്താനുമാണ് പാലായി റഗുലേറ്റർ കം ബ്രിഡ്ജ് പണിതത്. ഇറിഗേഷൻ വകുപ്പിന്റെ പണി പൂർത്തിയായെങ്കിലും ഇനി കുടിവെള്ളമെത്തിക്കാനുള്ള പ്രവർത്തി നടത്തേണ്ടത് വാട്ടർ അതോറിറ്റിയാണ്.
ഇപ്പോൾ വാട്ടർ അതോറിറ്റി കിനാനൂർ-കരിന്തളം പഞ്ചായത്ത്, നീലേശ്വരം നഗരസഭ, കാഞ്ഞങ്ങാട് നഗരസഭ എന്നിവിടങ്ങളിലേക്ക് ജലജീവൻ മിഷൻ പദ്ധതിയിലൂടെ കുടിവെള്ളമെത്തിക്കാൻ സർവ്വെ മാത്രമെ നടത്തിയിട്ടുള്ളു.
കാർഷികാവശ്യത്തിന് വെള്ളമെത്തിക്കാനുള്ള പ്രവർത്തി കൃഷി വകുപ്പും ഇത് വരെ തുടങ്ങിയിട്ടില്ല. 65 കോടി രൂപ ചെലവാക്കിയിട്ട് വലിയ പദ്ധതി നടപ്പിൽ വന്നിട്ടും അത് ജനങ്ങളിലേക്ക് എത്തിക്കാൻ വകുപ്പ് മേധാവികൾ മുന്നോട്ടു വരാത്തതിൽ കർഷകർ പ്രതിഷേധത്തിലാണ്.
വേണം 84 കോടി കൂടി
കിനാനൂർ കരിന്തളം പഞ്ചായത്തിലെ വേളൂരിലാണ് കുടിവെള്ളമെത്തിക്കാനായി കിണറിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. പദ്ധതിക്കായി 84 കോടി രൂപ ചെലവു വേണ്ടി വരുമെന്നും കണക്കു കൂട്ടുന്നു. സർവ്വെ കഴിഞ്ഞ് ഡിസൈനും പൂർത്തിയായാൽ മാത്രമെ പ്രോജക്ട് തയ്യാറാക്കാൻ പറ്റുകയുള്ളു. എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കാനുള്ള പ്രോജക്ടാണ് തയ്യാറാക്കുന്നത്.