chakka

തലശ്ശേരി: രാമലക്ഷ്മണൻമാർ തൊട്ട് രാവണൻ വരെയുള്ള രാമായണ കഥാപാത്രങ്ങളെ തെയ്യങ്ങളായി അനുഗ്രഹവർഷം ചൊരിയുന്ന അണ്ടല്ലൂരിലെ ഉത്സവത്തിന് കൊടിയേറി. ചന്ദ്രമ്പത്ത് തറവാട്ടിലെ വലിയ എബ്രാൻ രഘുനാഥാണ് കൊടിയേറ്റ ചടങ്ങിന് മുഖ്യകാർമ്മികനായത്.

ആചാരവെടിയൊച്ച മുഴങ്ങിയ മുഹൂർത്തത്തിൽ ഇന്നലെ രാവിലെ 9.30 ഓടെയാണ് ഉത്സവ കൊടിക്കൂറ ഉയർന്നത്. രാത്രിയിൽ ഉത്സവ പ്രധാനമായ കുട വരവ് ഉണ്ടായി.ഇതിനായി സന്ധ്യാ പൂജാ സമയത്ത് ക്ഷേത്രത്തിൽ നിന്നും കൊളുത്തിയ നെയ് വിളക്കും പൂജാദ്രവ്യങ്ങളുമായി സ്ഥാനികർ മേലൂരിലെ കുറുവെക്കണ്ടി തറവാട്ടിലേക്ക് പുറപ്പെട്ടു .അവിടെ ഗുരുസ്ഥാനത്ത് വിളക്കുവെച്ചു പിറകെ കണിശ സ്ഥാനീകൻ ഓലക്കുടയുമെത്തിച്ചു . ഈ സമയം അണ്ടല്ലൂർ ക്ഷേത്രത്തിൽ നിന്നും തിരുവായുധം വഹിച്ച് പെരുംകൊല്ലനുമെത്തി. ചടങ്ങുകൾക്ക് ശേഷമാണ് തൃക്കൈക്കുട മേലൂർ മണലിലെ 'ആസ്ഥാനത്തെത്തികച്ചത്.ഇവിടെ വണങ്ങിയ ശേഷം വ്രതനിഷ്ടയുള്ള വില്ലുകാരുടെ അകമ്പടിയിൽ ഓലക്കുട അണ്ടലൂർ കാവിലേക്ക് ആനയിച്ചു. ഇനിയുള്ള ഏതാണ്ടെല്ലാ ആചാരങ്ങൾക്കും ഓലക്കുട മുഖ്യസ്ഥാനത്തുണ്ടാവും. വേലിയേറ്റ വേളയിൽ തൃക്കൈകുട കാവിലെത്തിച്ചതിൽ പിന്നീടാണ് കെട്ടിയാട്ടങ്ങൾ തിരുമുറ്റത്ത് ഇറങ്ങുന്നത്.

സീതയും മക്കളും എന്ന സങ്കൽപത്തിലുള്ള അതിരാളൻ ഭഗവതിയും മക്കളുമാണ് പിതാവിന്റെ സാമ്രാജ്യമായ മേലേക്കാവെന്ന അയോദ്ധ്യയിൽ ഒന്നാമതായി കെട്ടിയാടുന്നത് ഉച്ചനേരത്ത് ബാലി സുഗ്രീവനും വൈകിട്ട് ത്രിസന്ധ്യയോടെ പ്രധാന മൂർത്തിയായ ദൈവത്താറും കൂടെ അങ്കക്കാരനും ബപ്പൂരനും തിരുമുടി അണിയും .ഞായറാഴ്ച പുലർച്ചെ തിരുമുടിയും തിരുവാഭരണങ്ങളും അറയിൽ തിരികെ വയ്ക്കുന്നതോടെ ഉത്സവം കൊടിയിറങ്ങും.