
കണ്ണൂർ: തോട്ടടയിൽ വിവാഹ വീട്ടിന് മുന്നിലുണ്ടായ സ്‌ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതിയും സുഹൃത്തുമായ മാവിലാക്കണ്ടി പി. മിഥുൻ (24) പൊലീസിൽ കീഴടങ്ങി. ഇന്നലെ വൈകിട്ടോടെ എടക്കാട് പൊലീസ് സ്റ്റേഷനിലാണ് മിഥുൻ കീഴടങ്ങിയത്.
ബോംബ് നിർമ്മിച്ചതും എറിഞ്ഞതും താനാണെന്ന് ജിഷ്ണു പൊലീസിനോട് പറഞ്ഞതായാണ് സൂചന. ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന സ്ഫോടനത്തിനു ശേഷം മിഥുൻ ഒളിവിലായിരുന്നു. ഈയാളുൾപ്പെടെ നാലുപേർക്ക് ബോംബേറിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ മറ്റൊരു സുഹൃത്ത് അക്ഷയിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ആവശ്യമായ തെളിവുകൾ ശേഖരിച്ചു വരികയാണ്. അതേസമയം അക്രമികൾ രക്ഷപ്പെട്ടെന്ന് കരുതുന്ന വാൻ എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.എൽ 04 എ.ബി 507 നമ്പർ വാനാണ് ഡ്രൈവറും വാഹനത്തിന്റെ ഉടമകളിൽ ഒരാളുമായ ആദർശ് ഇന്നലെ ഉച്ചയോടെ സ്റ്റേഷനിലെത്തിച്ചത്. ഈ വാഹനത്തിലാണ് അക്രമികൾ ഉൾപ്പടെയുള്ള ഏച്ചൂർ സംഘം തോട്ടടയിൽ എത്തിയത്. ബോംബ് കൊണ്ടുവന്നതും ഇതിൽ തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നത്.
കല്യാണത്തിന് ട്രിപ്പ് വിളിച്ചാണ് വാഹനം ഏർപ്പെടാക്കിയതെന്നാണ് ഉടമകളുടെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ രണ്ടുപേരെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചിരുന്നു.