നീലേശ്വരം: സഞ്ചാരികളുടെ ഇടമായി മാറിയെങ്കിലും നീലേശ്വരം നഗരസഭയിലെ അഴിത്തല പ്രദേശത്തോടുള്ള അവഗണനയ്ക്ക് മാറ്റമൊന്നുമില്ല. നേരത്തെ പടന്ന പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട അഴിത്തല പ്രദേശം ഇപ്പോൾ നീലേശ്വരം നഗരസഭയുടെ ഭാഗമാണ്.
അഴിത്തലയിൽ പുലിമുട്ട് നിലവിൽ വന്നതോടെ വൈകുന്നേരങ്ങളിൽ വിനോദത്തിനായി എത്തുന്നവരുടെ തിരക്ക് കൂടിയിട്ടുണ്ട്. എന്നാൽ ഇവിടെ എത്തുന്നവർക്ക് പ്രാഥമികകൃത്യങ്ങൾക്കോ വെയിൽ കൊള്ളാതെ കാറ്റു കൊള്ളാനോ സൗകര്യങ്ങളില്ല, ഇപ്പോൾ തൊട്ടടുത്ത മരത്തണലാണ് സഞ്ചാരികൾ ആശ്രയിക്കുന്നത്.
കാലവർഷം കനത്താൽ കടൽകയറി കര എടുത്തുകൊണ്ടു പോകുന്നതും പതിവാണ്. ഈ ഭാഗങ്ങളിൽ കരഭിത്തി കെട്ടാൻ 20 വർഷം മുമ്പ് കല്ലു നാട്ടിയതല്ലാതെ തുടർ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. കഴിഞ്ഞവർഷം അഴിത്തലയുടെ വികസന പ്രവർത്തനത്തിന് കാസർകോട് പാക്കേജിൽ 5 കോടി വകയിരുത്തിയിരുന്നുവെങ്കിലും പിന്നീട് യാതൊരു പ്രവർത്തിയും നടന്നില്ല. ഭരണാധികാരികൾ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കണം എന്ന് പലവട്ടം പറയുന്നുണ്ടെങ്കിലും അഴിത്തലയുടെ കാര്യത്തിൽ യാതൊരു ഇടപെടലും നടക്കുന്നില്ല.