photo
സമരം

പഴയങ്ങാടി: മാതമംഗലത്തെ ചുമട്ടുതൊഴിലാളി സമരം ചർച്ചയായിരിക്കെ മാടായി ചൈനാക്ലേ റോഡിൽ ഗണപതി മണ്ഡപത്തിന് സമീപത്തെ ശ്രീ പോർക്കലി സ്റ്റീൽസിന് മുന്നിലും സി.ഐ.ടി.യു ചുമട്ടുതൊഴിലാളി സമരം ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നു. സ്ഥാപനത്തിൽ എത്തുന്ന സാധനങ്ങൾ ഇറക്കാൻ സി.ഐ.ടി.യു തൊഴിലാളികളെ അനുവദിക്കാത്തത് സംബന്ധിച്ചാണ് തർക്കം.

മാടായി -ഏഴോം പ്രദേശത്തെ സ്ഥാപനങ്ങളിൽ സാധാരണയായി സി.ഐ.ടി.യു തൊഴിലാളികളാണ് ചുമട് ഇറക്കാറും കയറ്റാറുമുള്ളത്. എന്നാൽ ഇവിടെ ഇതര സംസ്ഥാന തൊഴിലാളികളെ വച്ച് തൊഴിൽ എടുപ്പിച്ച് ചുമട്ടുതൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുന്ന നിലപാടാണ് സ്ഥാപന ഉടമ സ്വീകരിക്കുന്നതെന്നാണ് സി.ഐ.ടി.യു തൊഴിലാളികൾ പറയുന്നത്. ചീമേനിയിലെ ഉടമസ്ഥന്റെ കടയിലെ ലേബർ കാർഡുള്ള തൊഴിലാളികളെ വച്ചാണ് കയറ്റിറക്ക് നടത്തുന്നതെന്നും തൊഴിലാളികൾ ആരോപിക്കുന്നു. തൊഴിൽ ഉറപ്പാക്കുന്നത് വരെ സമരം ചെയ്യുമെന്നും തൊഴിലാളികൾ പറയുന്നു.

മാടായി, ഏഴോം പഞ്ചായത്ത് പരിധിയിൽ ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 19 സി.ഐ.ടി.യു തൊഴിലാളികളാണുള്ളത്. പതിറ്റാണ്ടുകളായി വ്യാപാരികളുമായി ചേർന്ന് പോകുന്ന തൊഴിലാളികൾക്ക് ഇതുപോലെ ഒരു അവസ്ഥ മുമ്പുണ്ടായിട്ടില്ല. വ്യാപാര സംഘടനകളുടെ സാന്നിദ്ധ്യത്തിൽ ആണ് കൂലി നിശ്ചയിച്ച് കരാർ ഉണ്ടാക്കുന്നത്. 12 എസ്‌.ടി.യു തൊഴിലാളികളും ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. പലവിധത്തിലുള്ള ചർച്ചകൾ നടത്തിയെങ്കിലും സ്ഥാപന ഉടമയുടെ ധാർഷ്ട്യം കാരണം പരിഹാരമില്ലാത്തത് കൊണ്ടാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയത്.

ഐ.വി ശിവരാമൻ,​ സി.ഐ.ടി.യു മാടായി ഏരിയ പ്രസിഡന്റ്

അനാവശ്യ സമരമാണ് തന്റെ സ്ഥാപനത്തിന് മുന്നിൽ നടക്കുന്നത്. തന്റെ സ്ഥാപനത്തിലെ കയറ്റിറക്ക് ജോലി ഒരു കാരണവശാലും സി.ഐ.ടി.യു തൊഴിലാളികൾക്ക് നൽകില്ല. കടയുമായി മുന്നോട്ടുപോകാൻ യാതൊരു നിവർത്തിയുമില്ലെങ്കിൽ അടച്ചിടാനും തയ്യാറാണ്.

ടി.വി മോഹൻലാൽ,​ സ്ഥാപന ഉടമ