തളിപ്പറമ്പ്: സർക്കാർ ഏറ്റെടുത്തശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പുതുതായി 20 ഡോക്ടർമാർ ചുമതലയേറ്റെടുത്തു. പ്രിൻസിപ്പാളിന് പുറമെയാണ് മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നും ട്രാൻസ്ഫറായും പി.എസ്.സി വഴി നിയമിതരായും വിവിധ വിഭാഗങ്ങളിൽ ഇത്രയും ഡോക്ടർമാർ കൂടി പുതുതായി പരിയാരത്തെത്തിയത്. ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിൽ സേവനം അനുഷ്‌ഠിച്ച വ്യത്യസ്ത വിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ടർമാരെ പരിയാരത്ത് സേവനമനുഷ്ഠിക്കാൻ ചുമതലപ്പെടുത്തിയത്. സർക്കാർ ഏറ്റെടുക്കുന്ന ഘട്ടത്തിൽ മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്ന ഡോക്ടർമാർക്ക് പുറമെയാണിത്.
പ്രൊഫസർ തസ്തികയിൽ ഡോ. അലക്‌സ് ഉമ്മൻ (ജനറൽ സർജറി), ഡോ. അരവിന്ദ് എസ്. ആനന്ദ് (റേഡിയോതെറാപ്പി), ഡോ. ലത വി (പാത്തോളജി) എന്നിവർക്ക് പുറമെ ജനറൽ സർജറി വിഭാഗത്തിൽ ഡോ. ഇ.പി ഉണ്ണിക്കൃഷ്ണൻ , ഡോ. ഷാരുൺ അബി കുര്യൻ, ഡോ. എം.കെ സുബൈർ, ഡോ. കെ.അതീഷ് എന്നിവർ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലും നിയമിതരായി. കാർഡിയോളജിയിൽ ഡോ.കെ.എൻ ഹരികൃഷ്ണൻ, ഡോ. ടി.സൈതലവി എന്നിവരും കാർഡിയോ വാസ്കുലർ & തൊറാസിക് സർജറി വിഭാഗത്തിൽ ഡോ. അഷ്‌റഫ് ഉസ്മാനും മറ്റ് സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും കണ്ണൂർ മെഡിക്കൽ കോളേജിലെത്തിയ ഡോക്ടർമാരാണ്. പീഡിയാട്രിക്‌സ് ന്യൂറോളജി വിഭാഗത്തിൽ ഡോ. ഹർഷ ടി വാളൂരിന്റെ സേവനവും ലഭിക്കും.