
ലോർഡ്‌സ് ഓട്ടോമാട്ടീവുമായി സംയുക്ത സംരംഭം
കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈൽസ് പിണറായിയിൽ വൈദ്യുത വാഹന നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടത് കണ്ണൂരിന്റെ വ്യവസായ വികസനത്തിലേക്കുള്ള പുത്തൻചുവടുവെപ്പായി. ലോർഡ്‌സ് ഓട്ടോമാട്ടീവുമായുള്ള സംയുക്ത സംരംഭത്തിനാണ് തിരുവനന്തപുരത്ത് വച്ച് കെ.എ.എൽ.എം.ഡി. പി.വി. ശശീന്ദ്രനും ലോർഡ്‌സ് മാർക് ഇൻഡസ്ട്രീസ് സ്ഥാപകൻ സച്ചിദാനന്ദ് ഉപാദ്ധ്യായയും ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
കെ.എ.എൽ ലോർഡ്‌സ് ഓട്ടോമോട്ടിവ് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരിക്കും സംയുക്ത സംരംഭത്തിന്റെ പേര്. 20 കോടിമുതൽ 30 കോടി രൂപ വരെ ചെലവു വരുന്നതാണ് യൂണിറ്റ്. പിണറായി ഇൻഡസ്ട്രിയൽ കോ ഓപറേറ്റീവ് സൊസൈറ്റിന്റെ ( പിക്കോസ്) കീഴിലായിരിക്കും കമ്പനി തുടങ്ങുന്നത്.പിക്കോസിന്റെ സ്ഥലം ലീസിനെടുത്താണ് വാഹനനിർമ്മാണ യൂണിറ്റ് തുടങ്ങുന്നത്.
ഈ വർഷം അവസാനത്തോടെ ഉത്പ്പാദനം
വൈദ്യുതി വാഹനനയത്തിന് രൂപം നൽകിയ രാജ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.ഇൗ വർഷം അവസാനത്തോടെ വ്യാവസായികാടിസ്ഥാനത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം തുടങ്ങും. പുതിയ സംരംഭത്തിൽ പരമാവധി ഓഹരികൾ ലോർഡ്‌സ് ഓട്ടോമാട്ടിവിനായിരിക്കും. ലോർഡ്‌സ് മാർക്ക് ഇൻഡസ്ട്രീസിന്റെ സഹോദര സ്ഥാപനമാണ് ലോർഡ്‌സ് ഓട്ടോമോട്ടിവ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കിഴക്കൻ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും വാഹനങ്ങൾ എത്തിക്കാനാണ് യൂണിറ്റിന്റെ പദ്ധതി.
ഇരിണാവിന്റെ നഷ്ടം
കല്യാശേരി, പാപ്പിനിശേരി പഞ്ചായത്തുകളിലായി വ്യവസായവകുപ്പിന്റെ പക്കലുണ്ടായിരുന്ന ഇരിണാവിലെ 120 ഏക്കർ സ്ഥലം കേന്ദ്രസർക്കാരിൽനിന്ന് വിട്ടുകിട്ടാത്തതാണ് പിണറായിയിൽ പിക്കോസിന്റെ പക്കലുള്ള സ്ഥലത്തേക്ക് ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണ യൂണിറ്റ് പോകുന്നതിന്പിന്നിൽ.,കോസ്റ്റ് ഗാർഡ് അക്കാഡമി സ്ഥാപിക്കാൻ പത്തു വർഷം മുമ്പ് കേന്ദ്ര സർക്കാരിന് ഇരിണാവിലെ സ്ഥലം കൈമാറിയിരുന്നു. നിർദ്ദിഷ്ട പദ്ധതിക്ക് ഉപയോഗിച്ചില്ലെങ്കിൽ തിരിച്ചുതരണം എന്ന ഉപാധിയോടെയായിരുന്നു കൈമാറ്റം. എന്നാൽ കോസ്റ്റ്ഗാർഡ് അക്കാഡമി കർണാടകയിലേക്ക് മാറ്റിയതോടെ ഇരിണാവിലെ സ്ഥലം വെറുതെ കിടക്കുകയാണ്.
കോസ്റ്റ് ഗാർഡ് അക്കാഡമിക്കായി ഉപയോഗിക്കാത്തതിനാൽ സ്ഥലം തിരിച്ചുകൊടുക്കണമെന്ന വ്യവസ്ഥയുള്ളതിനാൽ 2016ൽ അന്നത്തെ വ്യവസായ മന്ത്രി ഇ.പി.ജയരാജനാണ് വൈദ്യുതി വാഹനങ്ങളുടെ കമ്പനി ഇവിടെ സ്ഥാപിക്കാനുള്ള ആലോചനയ്ക്ക് തുടക്കമിട്ടത്.സർക്കാരിന്റെയും സ്വകാര്യ വ്യവസായികളുടെയും സംയുക്ത സംരംഭമെന്ന നിലയിൽ പി .പി .പി അടിസ്ഥാനത്തിൽ കമ്പനി തുടങ്ങാനായിരുന്നു നീക്കം.അന്നു മുതൽ സ്ഥലം തിരിച്ചു തരാൻ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതിന് തയ്യാറായിട്ടില്ല.
ലോഡ്സ് ഓട്ടോമോട്ടീവുമായുള്ള പങ്കാളിത്തത്തിലൂടെ ഇ- മൊബിലിറ്റിയിലേക്കുള്ള മാറ്റത്തിൽ സുപ്രധാന കുതിപ്പാകും. കണ്ണൂരിലേക്ക് പുതിയ യൂണിറ്റ് വരുമ്പോൾ മലബാറിന്റെ വ്യവസായ സ്വപ്നങ്ങൾക്ക് കൂടുതൽ കരുത്ത് പകരും.
പി.വി. ശശീന്ദ്രൻ,
മാനേജിംഗ് ഡയറക്ടർ, കേരള ഓട്ടോ ലിമിറ്റഡ്
കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്
കേരള സർക്കാർ പൊതുമേഖലാ വാഹന നിർമ്മാണ സ്ഥാപനമാണ് കേരള ഓട്ടോമൊബൽസ് ലിമിറ്റഡ്. ഓട്ടോറിക്ഷകൾ, പിക്കപ് വാനുകൾ, ഡെലിവറി വാനുകൾ തുടങ്ങിയ മുച്ചക്ര വാഹനങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. 1978ൽ തിരുവനന്തപുരത്ത് നെയ്യാറ്റിൻകര ആറാലുംമൂട് എന്ന സ്ഥലത്താണ് ഫാക്ടറി തുടങ്ങിയത്. 2012 വരെ 185,000ത്തോളം വാഹനങ്ങൾ നിർമിച്ചിട്ടുണ്ട്. 2012ൽ ഐ.എസ്.ഒ 9001: 2000 സർട്ടിഫിക്കറ്റ് കമ്പനിക്ക് ലഭിച്ചു. ബാംഗ്ലാദേശ്, സുഡാൻ, നൈജീരിയ, നേപ്പാൾ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് കമ്പനിയിൽ നിന്നും വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു. ഐ.എസ്.ആർ.ഒ.യുടെ ബഹിരാകാശ വാഹനങ്ങൾക്കു വേണ്ട ചില ഭാഗങ്ങളും കമ്പനി നിർമ്മിക്കപ്പെടുന്നുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന നീംജി ഇലക്ട്രിക് ഓട്ടോറിക്ഷ കമ്പനി നിർമ്മിക്കുന്നു.