
മയ്യിൽ: കാട്ടുപന്നികളടക്കമുള്ള വന്യമൃഗശല്യത്തിൽ നിന്ന് കൃഷിയെ രക്ഷിക്കാൻ ഉതകുന്ന ജൈവലായനി ഡ്രോൺ ഉപയോഗിച്ച് തളിച്ച് മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയുടെ പരീക്ഷണം. ആധൂനിക സാങ്കേതിക വിദ്യയെ കൃഷിയ്ക്ക് പരമാവധി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഡ്രോൺ ഉപയോഗം കാര്യക്ഷമമാക്കുന്ന പരീക്ഷണം എന്ന നിലയിലും ശ്രദ്ധേയമായിരുന്നു ഇന്നലെ കണ്ണൂർ നെല്ലിക്കപ്പാലത്തെ 30 ഏക്കർ പാടശേഖരത്തിൽ നടന്നത്.
കാട്ടുപന്നികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതും നെല്ലിന്റെ വളർച്ചയെ സഹായിക്കുന്നതുമായ ഹേർബ്ഒലിവാണ് ഇന്നലെ ഡ്രോൺ ഉപയോഗിച്ച് തളിച്ചത്.
കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായ സാഹചര്യത്തിലാണ് മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ നാൽപ്പതോളം കർഷകർ ഹെർബോലീസ് എന്ന മരുന്ന് കൃഷിയിടത്തിൽ തളിച്ച് പരീക്ഷണം നടത്തിയത്. ഇത് ഫലപ്രദമാണെന്ന് കണ്ടതോടെ ഡ്രോൺ ഉപയോഗിച്ച് കൂടുതൽ സ്ഥലത്ത് മരുന്ന് തളിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
കാട്ടുപന്നി, മുള്ളൻ പന്നി, കുരങ്ങ്, മയിൽ എന്നിവയെ പാടശേഖരത്തിൽ നിന്ന് അകറ്റി നിർത്താൻ ഹെർബോലീവ് പ്ലസ്സും നെല്ലിന് സൂഷ്മ മൂലകങ്ങളായ സിങ്ക്, കോപ്പർ, മഗ്നീഷ്യം, എന്നിവ നൽകുന്ന ബോറോണുമാണ് ഡ്രോൺ വഴി സ്‌പ്രേ ചെയ്യുന്നത്
ഡ്രോൺ മരുന്നുതളി ഇതാദ്യം
ജില്ലയിൽ നെൽകൃഷിയിൽ ഡ്രോൺ വഴിയുള്ള മരുന്ന് തളി ആദ്യമായിട്ടാണ്. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ നെല്ലിക്കാപ്പാലം പാടശേഖരത്തിലെ വിത്തുഗ്രാമം പദ്ധതിയിലെ നെൽകൃഷിയിൽ പരീക്ഷണം നടത്തിയത്. കർഷകരും ,ജനപ്രതിനിധികളും , കൃഷി ഉദ്യോഗസ്ഥരും ഈ സംരംഭത്തിന് സാക്ഷികളായി.
. ഒരേക്കറിൽ മരുന്ന് തളിക്കാൻ ഡ്രോണിന്റെ വാടക 800 രൂപയാണ്. മരുന്ന് തളിക്കാൻ വേണ്ടുന്ന സമയം പത്തു മിനുട്ടിൽ താഴെ മാത്രം.
നെല്ലുകളുടെ പാലുറക്കുന്ന സമയത്തുള്ള മരുന്നു തളി പതിരു കുറക്കാൻ സഹായിക്കും. പച്ചക്കറി. വാഴ, പയർ വർഗങ്ങൾ എന്നിവയിലും ഈ രീതി ഫല പ്രദമാകുമെന്നാണ് വിലയിരുത്തൽ . ഉൽപ്പാദന ക്ഷമത കൂട്ടാനും കാട്ടുമൃഗങ്ങളെ തുരത്താനും ഇതുവഴി കഴിയും.
കർഷകമിത്രം ഡ്രോൺ
ഒരേക്കറിൽ മരുന്ന് തളിക്കാൻ 800 രൂപ മാത്രം
വേണ്ടത് പത്തുമിനിറ്റ്
ഇലകളിലെ വളപ്രയോഗം ഫലപ്രദം
ആധൂനിക സാങ്കേതിക വിദ്യ കൃഷിക്ക് ഉപയോഗപ്പെടുത്തുക എന്നതാണ് ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണത്തിന്റെ ലക്ഷ്യം. വളരെ ചെറിയ തുക ചിലവഴിച്ച് ചെറിയ സമയത്തിനുള്ളിൽ വളപ്രയോഗം ഇതുവഴി സാദ്ധ്യമാണ്.
മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി എം.ഡി ബാലകൃഷ്ണൻ കടുർ