തലശേരി: കതിരൂരിൽ ഉത്സവ സ്ഥലത്ത് സഘർഷം. മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ പൊന്ന്യം കുണ്ടുചിറയിലെ കാട്ടിൽ അടൂട മടപ്പുര ക്ഷേത്രോത്സവ സ്ഥലത്താണ് സംഭവം. ഉത്സവാഘോഷ സ്ഥലത്ത് യുവാക്കൾ ചേരിതിരിഞ്ഞ് അക്രമം നടത്തുമ്പോൾ തടയാനെത്തിയ പൊലീസുകാർക്കെതിരെയാണ് അക്രമം നടന്നത്. പൊലീസ് കൺട്രോൾ റൂം ജീപ്പിന്റെ ഗ്ലാസുകൾ പൊട്ടി. പൊതുമുതൽ നശിപ്പിച്ചതിനും, ഉത്സവാഘോഷ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാക്കിയതിനും കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ കതിരൂർ പൊലീസ് കേസെടുത്തു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.