
കണ്ണൂർ: തോട്ടടയിൽ വിവാഹ വീടിന് സമീപം സ്‌ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട ദിവസം ബോംബേറ് പരാജയപ്പെട്ടാൽ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കാനും പ്രതികൾ പദ്ധതിയിട്ടെന്ന് പൊലീസ് പറഞ്ഞു. ജിഷ്ണുവിന്റെ സുഹൃത്തായ കടമ്പൂർ പറമ്പത്ത് മാധവി ഹൗസിൽ പി. സനാദാണ് (21) ആയുധം എത്തിച്ചത്. സനാദിന്റെ കൈയിൽ നിന്ന് വടിവാൾ വാങ്ങിയ മിഥുൻ തോട്ടട സ്വദേശിയായ യുവാക്കളെ അക്രമിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറയുന്നു.
സനാദിനെയും കാനോത്ത് വീട്ടിൽ പി.കെ. ഗോകുലിനെയും (24) പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. മൂന്നു പേർ കൂടി കസ്റ്റഡിലുണ്ട്. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ബോംബാക്രമണത്തിലെ മുഖ്യാസൂത്രകൻ അറസ്റ്റിലായ മിഥുനാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ബോംബുണ്ടാക്കിയത് താനാണെന്ന് മിഥുൻ സമ്മതിച്ചെന്ന് എ.സി.പി പി.പി. സദാനന്ദൻ പറഞ്ഞു. ബോംബ് നിർമ്മിച്ച സ്ഥലവും കണ്ടെത്തി. സംഭവത്തിന്റെ തലേന്ന് വീട്ടുപരിസരത്ത് സ്‌ഫോടകവസ്തുക്കൾ പൊട്ടിച്ച് പരിശീലിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടാകുമെന്നും എ.സി.പി പറഞ്ഞു.
ലക്ഷ്യം കൊല തന്നെ
ഏച്ചൂർ സംഘം ബോംബ് കൊണ്ടുവന്നത് കൊല്ലാൻ തന്നെയാണെന്ന് പൊലീസ് പറഞ്ഞു. എടക്കാട് പൊലീസ് തലശേരി എ.സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. തോട്ടടയിലെ വിവാഹവീട്ടിൽ ശനിയാഴ്ച രാത്രി ഏച്ചൂർ സംഘവും തോട്ടടയിലെ സംഘവും തമ്മിൽ പാട്ട് വയ്ക്കുന്നതിനിടെ ചൊല്ലിയുണ്ടായ തർക്കമാണ് ബോംബേറിൽ കലാശിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
കല്യാണദിവസം ഏച്ചൂർ സംഘം കണക്കുതീർക്കാൻ പദ്ധതിയിട്ടു. പ്രതികളും തോട്ടടയിലെ ചിലരുമായി വിവാഹ ദിവസം ഉച്ചയ്‌ക്ക് വീണ്ടും വാക്ക് തർക്കമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.