പയ്യന്നൂർ: ഗവ. താലൂക്ക് ആശുപത്രിക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന ഏഴ് നില കെട്ടിടം ഒക്ടോബറിൽ പൂർത്തിയാകും. കെട്ടിടം തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച് നടന്ന അവലോകന യോഗത്തിന് ശേഷം ടി.ഐ. മധുസൂദനൻ എം.എൽ.എയാണ് ഇക്കാര്യം അറിയിച്ചത്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നൂറു കോടി രൂപയാണ് ആശുപത്രി നവീകരണത്തിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതിൽ 56 കോടി രൂപയുടെ മരാമത്ത് നിർമ്മാണ പ്രവർത്തനമാണ് നടന്നുവരുന്നത്.
ഇതിന്റെ ഭാഗമായി നിർമ്മിച്ച ഏഴ് നില കെട്ടിടത്തിന്റെ പണി ഏകദേശം പൂർത്തിയായിട്ടുണ്ട് . പ്ലാസ്റ്ററിംഗ്, പെയിന്റിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ തുടങ്ങിയ ജോലികൾ മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാകും. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന്റെയും മൾട്ടി ലെവൽ കാർ പാർക്കിംഗിന്റെയും ടെണ്ടർ നടപടികൾ നടന്നുവരികയാണ്. ആശുപത്രിയുടെ പ്രവർത്തിനു വേണ്ട വൈദ്യുതി തടസമില്ലാതെ ലഭിക്കുന്നതിനാവശ്യമായ 11 കെ.വി. ഭൂഗർഭ കേബിൾ വലിക്കുന്നതിന്റെ ജോലി തുടങ്ങുമ്പോൾ ബൈപാസ്
റോഡ് അടച്ചിടാനും , നിർമ്മാണ ജോലിയുടെ ഭാഗമായി മാർച്ച് രണ്ടാം വാരം മുതൽ രണ്ടു മാസം ആശുപതി ഐ.പി. സേവനങ്ങൾ ഭാഗികമായി നിയന്തിക്കാനും തീരുമാനിച്ചു .
എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ കെ.വി. ലളിത, വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി. വിശ്വനാഥൻ, വി.വി. സജിത, ആശുപതി സൂപ്രണ്ട് ഡോ. രാജേഷ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, ബി.എസ്.എൻ.എൽ, കെ.ആർ.എഫ്.ബി. ഉദ്യോഗസ്ഥർ പങ്കെടുത്തു.