police

കണ്ണൂർ: തോട്ടടയിൽ വിവാഹഘോഷയാത്രയ്ക്കിടെയുണ്ടായ സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ അതിരു വിടുന്ന വിവാഹ ആഭാസങ്ങൾക്ക് തളിപ്പറമ്പിൽ നിയന്ത്രണം. വീട്ടുകാർ ആവശ്യപ്പെട്ടാൽ വേണമെങ്കിൽ വിവാഹത്തിന് പൊലീസ് സംരക്ഷണം നൽകുമെന്നും തളിപ്പറമ്പ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ടി.കെ.രത്നകുമാർ ഉറപ്പ് നൽകി.
തളിപ്പറമ്പ് മുൻസിപ്പൽ ചെയർമാൻ, സെക്രട്ടറി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് നൽകിയ കത്തിലാണ് അദ്ദേഹം വിവാഹാഘോഷങ്ങൾ കുറ്റമറ്റതാക്കണമെന്ന് നിർദേശം നൽകിയിട്ടുള്ളത്.
വിവാഹ ആഘോഷങ്ങളിൽ പലതിലും ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചു വരികയും ചിലത് വാക്കേറ്റത്തിലും അക്രമത്തിലും കലാശിക്കുന്ന പതിവ് ഇനി തുടരാൻ കഴിയില്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കത്തിൽ പറയുന്നു. പൊതുസമൂഹത്തിന്റെ നന്മയെ കരുതി ഇത്തരം ആഭാസങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പ്രത്യേകിച്ച് യുവജനങ്ങളുടെയും കൂട്ടായ പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു.ജനപ്രതിനിധികളായ വാർഡ് അംഗങ്ങൾ പ്രദേശത്തെ സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരുമായി കൂടിയാലോചിച്ച് വിവാഹാഘോഷങ്ങൾ നമ്മുടെ സംസ്കാരത്തിന് അനുയോജ്യമായ രീതിയിലാണെന്ന് ഉറപ്പ് വരുത്തണമെന്നും കത്തിൽ നിർദേശമുണ്ട്.

ബോക്സ് വച്ചുള്ള ഗാനമേളയ്ക്ക് വിലയ്ക്ക്
വിവാഹ ആഘോഷങ്ങളിൽ ബോക്സ് വച്ച് ഗാനമേള നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ ഒരു പ്രവൃത്തിയും വിവാഹവീട്ടിൽ ഉണ്ടാകില്ലെന്ന് വീട്ടുകാർ ഉറപ്പ് വരുത്തണം. വിവരങ്ങൾ യഥാസമയം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയാണെങ്കിൽ ആവശ്യമായ സഹായം നൽകുന്നതാണെന്നും ഡപ്യൂട്ടി സൂപ്രണ്ട് ഉറപ്പ് നൽകിയിട്ടുണ്ട്.

വിവാഹ ആഘോഷങ്ങളിലെ ആഭാസങ്ങൾ നിർത്തലാക്കുന്നതിനുള്ള ചെറിയ തുടക്കമെന്ന നിലയിലാണ് ഇത്തരമൊരു നിർദേശം തദ്ദേശ സ്ഥാപന മേധാവികൾക്ക് അയച്ചത്. എല്ലാവരുടെയും കൂട്ടായ ഇടപെടലും പങ്കാളിത്തവുമുണ്ടായാൽ മാത്രമെ ഇതു നടപ്പിലാക്കാൻ കഴിയുള്ളൂ-

ടി.കെ. രത്നകുമാർ,​ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട്