പയ്യന്നൂർ: നഗരസഭ മെയിൽ റോഡ്, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ അനധികൃതമായി വാഹനങ്ങളിൽ മത്സ്യം, ഫ്രൂട്ട്സ് തുടങ്ങിയവ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി നഗരസഭ അധികൃതർ. വാഹന ഗതാഗതത്തിന് വരെ തടസ്സം സൃഷ്ടിച്ച് കൊണ്ട് പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ പുറത്തേക്കിറങ്ങുന്ന റൂറൽ ബാങ്ക് ജംഗ്ഷൻ മുതൽ പടിഞ്ഞാറ് ഭാഗത്തേക്ക് മെയിൻ റോഡിൽ നിരവധി വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്ത് കൊണ്ടാണ് സാധനങ്ങൾ വില്പന നടത്തുന്നത്.
ബഹളം സൃഷ്ടിച്ച് വൈകീട്ട് ഏകദേശം ആറ് മണി മുതൽ ആരംഭിക്കുന്ന അനധികൃത കച്ചവടം ചില ദിവസങ്ങളിൽ രാത്രി പത്ത് മണി വരേ നീളാറുണ്ട്. ഇത്തരം കാര്യങ്ങളിൽ പൊലീസാണ് നടപടി എടുക്കാറെങ്കിലും , പയ്യന്നൂരിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തത് കൊണ്ടുതന്നെ , ദൂര സ്ഥലങ്ങളിൽ നിന്ന് പോലും വാഹനങ്ങളിൽ സാധനങ്ങൾ എത്തിച്ച് രാത്രികാല വിൽപ്പന കൂടി വരികയായിരുന്നു.
നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ജെ.എച്ച്.ഐമാരായ ഹരി പുതിയില്ലത്ത്, ലതീഷ് , വർക്കർമാരായ നാരായണൻ ,ഉമേഷ് തുടങ്ങിയവർ അടങ്ങിയ സ്ക്വാഡാണ് പരിശോധന നടത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിലും കർശന പരിശോധന ഉണ്ടാകുമെന്നു ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
മാലിന്യപ്രശ്നവും തലവേദന
ഇത്തരക്കാർക്കെതിരെ നഗരസഭ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അതെല്ലാം അവഗണിച്ചാണ് അനധികൃത വ്യാപാരം അനുദിനം പെരുകിവരുന്നത്. വാഹനഗതാഗതത്തിന് തടസമാകുന്നത് കൂടാതെ മത്സ്യവും മറ്റും വിൽപന നടത്തുമ്പോഴുണ്ടാകുന്ന മാലിന്യപ്രശ്നവും പൊതുവഴിയിൽ ഉണ്ടാകുന്ന ദുർഗന്ധവും , ഇത്തരം അനധികൃത കച്ചവടത്തിനെതിരെ നടപടി എടുക്കുവാൻ അധികൃതർക്ക് പ്രേരണയായിട്ടുണ്ട്.