prathikal
പിടിയിലായ സനാഥ്, ഗോകുല്‍, മിഥുന്‍

കണ്ണൂർ:കണ്ണൂരിലെ ബോംബ് പ്രയോഗത്തിൽ ന്യൂജനറേഷൻ ഉപയോഗിക്കുന്നത് അത്യാധൂനിക ടെക്‌നോളജിയെന്ന് പൊലീസ്. നിർമാണം മുതൽ അക്രമം വരെയുള്ള കാര്യങ്ങൾ ആക്ഷൻ സിനിമാ സ്‌റ്റൈലിലാണ് നടപ്പിലാക്കുന്നത്. തോട്ടടയിലെ ബോംബെറിൽ കൂട്ടത്തിലൊരാൾ തന്നെ കൈപ്പിഴയാൽ കൊല്ലപ്പെട്ടുവെങ്കിലും ബോംബ് നിർമാണത്തിലും പ്ലാനിംഗിലും അങ്ങേയറ്റം കൃത്യത പാലിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ബോംബെറിഞ്ഞ് എതിരാളികളെ അപായപ്പെടുത്തുന്ന പ്ളാൻ എ പരാജയപ്പെട്ടാൽ വടിവാൾ ഉപയോഗിച്ച് പ്ളാൻ ബി നടപ്പിലാക്കാനുള്ള പരിപാടിയും സംഘം ആസൂത്രണം ചെയ്തിരുന്നതായി ജിഷ്ണു വധക്കേസിൽ അറസ്റ്റിലായവർ മൊഴി നൽകിയിട്ടുണ്ട്.

നിർമാണത്തിലെ ചൈനീസ് വഴി
വളരെ സാവധാനം ഇലക്ട്രിക് പോസ്റ്റിന്റെയോ തെങ്ങിന്റെയോ മതിലിന്റെ മറവിൽ ശരീരം മറച്ചു കൈപുറത്തേക്കിട്ടുള്ള പഴയ രീതിയിലല്ല പുതിയ ബോബ് നിർമ്മാണം. ഓടുന്ന ഓട്ടത്തിൽ പോലും വെടിമരുന്ന് ഉള്ളം കൈയിലിട്ടുംചരടിട്ടു കെട്ടിമുറുക്കി ബോംബുണ്ടാക്കാനുള്ള വൈദഗ്ദ്ധ്യമുള്ളവരുണ്ട് പുതുതലമുറയിൽ. ചൈനിസ് പടക്കങ്ങൾ വാങ്ങി അതിൽ നിന്നും വെടിമരുന്ന് മാറ്റിയാണ് ഇവർ അത്യുഗ്രപ്രഹരശേഷിയുള്ള ബോംബുകൾ നിർമ്മിക്കുന്നത്. പഴയ സ്റ്റീൽ പാത്രങ്ങൾ ഒഴിവാക്കി പെട്ടെന്ന് വീണു പൊട്ടാതിരിക്കാനും മഴയിലും വെയിലിലും ഏറെ നാൾ സൂക്ഷിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്കുകളാണ് ഇവർ ഉപയോഗിക്കുന്നത്.

അന്നല്ലെങ്കിൽ മറ്റൊരു ദിവസം

തോട്ടടയിൽ പൊട്ടിയ ബോംബ് മറ്റെപ്പോഴെങ്കിലും പൊട്ടുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏച്ചൂരിലെ കണ്ണൂർ കോർപറേഷൻ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ഏക്കറുകളോളം വരുന്ന വിജനപ്രദേശത്ത് കഴിഞ്ഞ രണ്ടുവർഷമായി നിരന്തരം ബോംബ് പരീക്ഷണങ്ങൾ നടന്നുവരികയായിരുന്നു. ഏച്ചൂരിലെ പലയിടങ്ങളിലും അർധരാത്രികളിലും പുലർച്ചെയും മുഴങ്ങിയ സ്‌ഫോടനങ്ങൾ ബോംബുകളുടെ പരീക്ഷണങ്ങളായിരുന്നു. ഇരുപതോളം വരുന്ന യുവാക്കളുടെ ഗ്യാങ്ങ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നുവെന്നാണ് ലഭ്യമായ വിവരം. ഇവിടെ നിന്നുമുണ്ടാക്കിയ ബോംബുകൾ കണ്ണൂർ ജില്ലയിലെ മറ്റു സംഘർഷബാധിതപ്രദേശങ്ങളിലെത്തിയിരുന്നതായാണ് വിവരം. ഏച്ചൂരിലെ ബോംബുഫാക്ടറിയെ കുറിച്ചു പ്രദേശവാസികൾ പലതവണ പരാതിപ്പെട്ടിട്ടും പൊലിസ് റെയ്ഡു നടത്താത്തതിന്റെ അനിവാര്യമായ ദുരന്തമാണ് ഇപ്പോൾ ജിഷ്ണുവിന്റെ ദാരുണമരണത്തിൽ കലാശിച്ചത്.

തോട്ടടയിൽ പാളി
വളരെ കൃത്യമായ തിരക്കഥയും മാസ്റ്റർ പ്ലാനുണ്ടായിട്ടും ഏച്ചൂർ സംഘത്തിന്റെ ഓപറേഷൻ പാളുകയായിരുന്നു ബൊലോറ ജീപ്പിൽ ഏച്ചൂരിലെ സനാഥനെത്തെിച്ച വടിവാൾ എടുത്തു തോട്ടടയിലെ യുവാക്കളെ ലക്ഷ്യമാക്കി മിഥുൻ വീശുന്നതിനിടെയാണ് പടക്കമെന്ന വ്യാജേനെ പ്ലാസ്റ്റിക്ക് കവറിൽ സൂക്ഷിച്ച രണ്ടു ബോംബുകളിലൊന്ന് പിന്നിൽ നിന്നും അക്ഷയ് വലിച്ചെറിയുന്നത്. ആദ്യമെറിഞ്ഞ ബോംബു പൊട്ടാതിരിക്കുകയും രണ്ടാമതെറിഞ്ഞത് ആരുടെയോ കൈക്ക് തട്ടി ദിശമാറി ജിഷ്ണുവിന്റെ തലയിൽ കൊണ്ടു പൊട്ടിത്തെറിക്കുകയുമായിരുന്നു.


കാരണഭൂതൻ പേക്കൂത്തും മദ്യവും
തോട്ടടയിലെ വിവാഹവീട്ടിൽ തലേന്നു നടത്തിയ അടിപൊളി പാട്ടുകൾ ഉച്ചത്തിൽവെച്ചു നാട്ടുകാരും പുറത്തുന്നുള്ളവരും നടത്തിയ പേക്കൂത്തും മദ്യമൊഴുക്കുമാണ് ഇരുസംഘങ്ങൾ തമ്മിലുള്ള ഉരസിലിന് കാരണമായി മാറിയത്. പാട്ടുവെച്ചുള്ള തർക്കം കൈയാങ്കളിയിലെത്തുകയും ഏച്ചൂർ സംഘത്തിലെ മിഥുൻ ഉൾപ്പെടെ ഉള്ളവർക്ക് അടിയേൽക്കുകയും ചെയ്തു. തിരിച്ചു പണികൊടുക്കാനാണ് ഏച്ചൂർ സംഘം വിവാഹവീട്ടിൽ നിന്നും മടങ്ങി ഏച്ചൂർ ട്രഞ്ചിംഗ് ഗ്രൗണ്ടിലെത്തി ബോംബു നിർമ്മിച്ചത്.
അക്ഷയ്, മിഥുൻ, ഗോകുൽ എന്നിവരാണ് ബോംബു നിർമ്മിച്ചത്. പുറമേ നിന്നൊരാളുടെ വിദഗ്ദ്ധസഹായം ലഭിച്ചിരുന്നതായും വിവരമുണ്ട്. നിർമ്മിച്ചവയിലൊന്ന് അവിടെയെറിഞ്ഞു പൊട്ടിച്ചു പരീക്ഷണം നടത്തിയതിനു ശേഷം അവരവരുടെ വീടുകളിൽ പോയി കിടന്നുറങ്ങുകയും ചെയ്തു. രാവിലെ പത്തുമണിയോടെ വീണ്ടും ഇളംനീല ഷർട്ടും വെള്ളമുണ്ടും അണിഞ്ഞ് എത്തിയ സംഘം രാവിലെ പത്തുമണിയോടെ ഒത്തുചേർന്ന് വധൂവരൻമാർ വീട്ടിലെത്തിയാൽ നടത്തേണ്ട അക്രമത്തിന്റെ മാസ്റ്റർ പ്ലാനുണ്ടാക്കി. ടെംപോട്രാവലറിൽ പടക്കമെന്ന വ്യാജേനെയാണ് ബോംബ് കൊണ്ടുവന്നത്..


മരമല്ല,​ പിന്നിലൊരു കാടുണ്ട്
കണ്ണൂരിലെ വിവാഹങ്ങൾ പോലും അക്രമത്തിന്റെ വേദികളായി മാറുന്നുവെന്ന അതിരൂക്ഷവിമർശനവും പരിഹാസവുമാണ് സോഷ്യൽ മീഡിയിലൂടെ ഉയരുന്നത്. എന്നാൽ തോട്ടടയിലുണ്ടായ ദൗർഭാഗ്യസംഭവം വിവാഹ ആഭാസമായി ചിത്രീകരിച്ചു ലഘൂകരിക്കേണ്ടതല്ലെന്നതാണ് സത്യം. വിവാഹമല്ലെങ്കിൽ മറ്റു ഉത്സവങ്ങളിൽ ഇതു സംഭവിക്കുമായിരുന്നുവെന്ന കാര്യം ആരും പരിഗണിക്കുന്നതേയില്ല. വിഷയം ബോംബുനിർമാണവും അതിന്റെ പ്രയോഗവുമാണ്.കണ്ണൂരിന്റെ ശാപമായ ബോംബു പ്രയോഗത്തിൽ ന്യൂജനറേഷനും ആകൃഷ്ടരായെന്ന സത്യമാണ് വിവാദങ്ങളുടെ പുകയ്ക്കുള്ളിൽ മറഞ്ഞുകിടക്കുന്നത്.