പയ്യന്നൂർ: നഗരസഭ സ്റ്റേഡിയം നിർമ്മാണ പ്രവൃത്തി നിലച്ചുവെന്ന പ്രചാരണം തെറ്റാണെന്നും സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട നിർമ്മാണ പ്രവൃത്തി നവംബറിനകം പൂർത്തിയാകുമെന്നും ചെയർപേഴ്സൺ കെ.വി. ലളിത പറഞ്ഞു. വ്യാഴാഴ്ച നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷാംഗം കെ.കെ. ഫൽഗുനൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.

മഴ നീണ്ടുനിന്നതിനാലാണ് പ്രവൃത്തിയുടെ പുരോഗതി തടസപ്പെട്ടത്. എന്നാൽ ഇപ്പോൾ തടസമില്ലാതെ പ്രവൃത്തി നടക്കുന്നുണ്ടെന്നും മറിച്ചുള്ള വാദം തെറ്റാണെന്നും ചെയർപേഴ്സൺ പറഞ്ഞു. മുപ്പത്തിയെട്ടാം വാർഡിലെ പെരുകുളം - സഹൃദയ റോഡ് പ്രവൃത്തി ഉപേക്ഷിക്കുകയും തുക ലാപ്സാവുകയും ചെയ്തുവെന്ന എ.രൂപേഷിന്റെ വാദവും ചെയർപേഴ്‌സൺ ഖണ്ഡിച്ചു. സ്ഥലവുമായി ബന്ധപ്പെട്ട് ചില തർക്കമുള്ളതിനാൽ , തൽക്കാലം നിർത്തിയിരുന്നുവെങ്കിലും പ്രശ്നം ചർച്ച ചെയ്ത് പരിഹരിച്ച് പ്രവൃത്തി കഴിഞ്ഞ ദിവസം പുനരാരംഭിച്ചതായും ചെയർപേഴ്സൺ പറഞ്ഞു.

ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, കെ.കെ. ഫൽഗുനൻ, എ. രൂപേഷ്, കെ.യു. രാധാകൃഷ്ണൻ, വി. ബാലൻ, മണിയറ ചന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ചപ്പാരപ്പടവ് പഞ്ചായത്ത് എതിർപ്പ് അവഗണിക്കും

നഗരസഭയിൽ ആരംഭിച്ച യു.ഐ.ഡി.എസ്.എസ്.എം.ടി കുടിവെള്ള പദ്ധതിയോടനുബന്ധിച്ച് കുപ്പം പുഴയിൽ കൊടും കയത്ത് നിർമ്മിക്കുന്ന കിണറിന്റെ പ്രവർത്തനം ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിന്റെ എതിർപ്പ് അവഗണിച്ച് തുടരാൻ യോഗത്തിൽ തീരുമാനമായി. ഇതുസംബന്ധിച്ച് ജില്ല കളക്ടറുടെ അദ്ധ്യക്ഷതയിൽ കണ്ണൂരിൽ നടന്ന യോഗത്തിൽ തർക്കപരിഹാരമുണ്ടായില്ല. എന്നാൽ പൊലീസിന്റെ സഹായത്തോടെ പ്രവൃത്തിയുമായി മുന്നോട്ടു പോകാൻ കളക്ടർ നിർദ്ദേശം നൽകിയതായി ചെയർപേഴ്സൺ യോഗത്തെ അറിയിച്ചു.