പയ്യന്നൂർ: പയ്യന്നൂരിൽ വൻ പുകയില ഉത്പ്പന്ന വേട്ട. കാറിൽ കടത്തുകയായിരുന്ന രണ്ടര ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. തായിനേരി എസ്.എ.ബി.ടി.എം സ്കൂൾ പരിസരത്ത് വെച്ചാണ് പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രൻ, സി.ഐ മഹേഷ് കെ.നായർ, എസ്.ഐ പി. വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. തായിനേരി പള്ളി ഹാജി റോഡിൽ ഫാത്തിമ ക്വാട്ടേഴ്സിൽ താമസക്കാരനും തൃക്കരിപ്പൂർ കാരോളം സ്വദേശിയുമായ എ.എസ്.സർഫറാസ് (41)
ആണ് അറസ്റ്റിലായത്.
പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ആറു ചാക്കുകളിലായി നിറച്ചു വെച്ച നാലായിരത്തിൽ അധികം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. വിപണിയിൽ ഇതിന് ഏകദേശം രണ്ടര ലക്ഷം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു. തായിനേരി സ്കൂൾ പരിസരത്ത് വിൽപ്പന നടത്തി പയ്യന്നൂർ ടൗണിലും പരിസര പ്രദേശങ്ങളിലേക്കും വിതരണത്തിന് പോകാനിരിക്കെയാണ് പൊലീസിന്റെ പിടിയിലായത്.
സ്കൂൾ പരിസരത്ത് സംശയകരമായി കണ്ട കാർ പരിശോധിച്ചപ്പോഴാണ് ചാക്കുകളിൽ നിറച്ചുവച്ച വിവിധ കമ്പനികളുടെ നിരവധി പായ്ക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തി ലഭിച്ചതെന്ന് സംശയിക്കുന്ന 27,500 രൂപയും പ്രതിയിൽ നിന്നും കണ്ടെടുത്തു. ഡിവൈ.എസ്.പി, കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ ലഹരി വസ്തുക്കൾക്കെതിരെ റെയ്ഡ് നടക്കുന്നതിനിടയിലാണ് തായിനേരിയിൽ വച്ച് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. എസ്.ഐ കെ. ദിലീപ്, എ.എസ്.ഐമാരായ എം.പി. നിഗേഷ്, അബ്ദുൾ റൗഫ്, സിവിൽ പൊലീസ് ഓഫീസർ പി. ബിനേഷ് തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.