പയ്യന്നൂർ: ടൗണിൽ ഒറ്റനമ്പർ എഴുത്ത് ലോട്ടറി ചൂതാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. അന്നൂർ സ്വദേശി എ.കെ. മുരളി(45) യെയാണ് സി.ഐ മഹേഷ് കെ.നായർ, എസ്.ഐ പി. വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. 11,230 രൂപയും ഒരു കെട്ട് കേരള ഗവ: ലോട്ടറി ടിക്കറ്റുകളും നിരവധി നമ്പറുകൾ എഴുതി വച്ച ബുക്കും പിടിച്ചെടുത്തു.

പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനടുത്തു വെച്ചാണ് പ്രതി ഒറ്റ നമ്പർ എഴുത്തു ലോട്ടറി ചൂതാട്ടം നടത്തിവന്നിരുന്നത്. ഇതേക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് റെയ്ഡിനെത്തിയത്.

ദിവസവും നറുക്കെടുക്കുന്ന സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന നമ്പറിന്റെ അവസാന മൂന്നക്കമാണ് ചൂതാട്ടത്തിന് ഉപയോഗിക്കുന്നത്. ഇത് ഏത് നമ്പറാണെന്ന് പ്രവചിക്കലാണ് ചൂതാട്ടം.

ഒരു നമ്പർ പ്രവചിക്കുന്നതിന് നിശ്ചിത പണം ഈടാക്കുകയും പ്രവചിച്ച നമ്പർ ശരിയായാൽ

വൻ തുക സമ്മാനം കൊടുക്കുകയുമാണ് ചെയ്യുന്നത്. ഒരാൾക്ക് ഒരേ നമ്പർ തന്നെയോ പല നമ്പറായോ എത്ര വേണമെങ്കിലും പ്രവചിക്കാം. ഇങ്ങനെ ഒറ്റ ദിവസം കൊണ്ട് തന്നെ പതിനായിരക്കണക്കിന് രൂപയുടെ ലാഭമാണ് ചൂതാട്ടം നടത്തുന്നവർക്ക് ലഭിക്കുന്നത്.