endo

കാസർകോട്: എൻഡോസൾഫാൻ ദുരിതനിവാരണ ജില്ലാതല സെല്ലിൽ നിന്ന് കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്നിനെ ഒഴിവാക്കിയ നടപടി വിവാദമാകുന്നു. എൻഡോസൾഫാൻ ദുരിതനിവാരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള ജില്ലാതലസെൽ പുനസംഘടിപ്പിച്ചപ്പോൾ എൻ.എ നെല്ലിക്കുന്നിനെ തഴയുകയായിരുന്നു.

മന്ത്രി എം.വി. ഗോവിന്ദൻ ചെയർമാനും കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് കൺവീനറുമായി 47 അംഗകമ്മിറ്റിക്കാണ് രൂപം നൽകിയത്. ജില്ലാതല സെല്ലിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എ.കെ.എം അഷ് റഫ്, സി.എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷൻമാർ, ദുരിതബാധിതമേഖലകളുൾപ്പെടുന്ന 11 ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വിവിധ വകുപ്പ് അദ്ധ്യക്ഷൻമാർ എന്നിവർ അംഗങ്ങളാണ്. എന്നാൽ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എയെ മാത്രം മാറ്റിനിർത്തുകയായിരുന്നു.

ഒരുവർഷത്തിന് ശേഷമാണ് സെല്ലിന്റെ പുനസംഘടന നടക്കുന്നത്. ജില്ലാതല സെൽ കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 2020 ഒക്ടോബറിലാണ് അവസാനം യോഗം ചേർന്നത്. നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് 2021 ഫെബ്രുവരിയിൽ തീരുമാനിച്ച യോഗവും മുടങ്ങിയതോടെ കമ്മിറ്റിയുടെ കാലാവധി പൂർത്തിയായി. പുതിയ സർക്കാർ വന്നിട്ടും സെൽ പുനസംഘടിപ്പിക്കാനോ പുതിയ ചെയർമാനെ നിശ്ചയിക്കാനോ നടപടി സ്വീകരിക്കാതിരുന്നത് ദുരിതനിവാരണപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ദുരിത ബാധിതർക്ക് ചികിത്സ നിഷേധിക്കപ്പെടുന്നതും ആനുകൂല്യങ്ങൾ മുടങ്ങുന്നതും പതിവായതോടെയാണ് സെൽ രൂപീകരിക്കണമെന്ന ആവശ്യം ശക്തമായത്.

പ്രതികാരനടപടിയാണെന്ന് സംശയം:എൻ.എ നെല്ലിക്കുന്ന്
കാസർകോട്: എൻഡോസൾഫാൻ ദുരിതനിവാരണജില്ലാതല സെൽ പുനസംഘടനയിൽ നിന്ന് തന്നെ ഒഴിവാക്കിയത് പ്രതികാരനടപടിയാണെന്ന് സംശയിക്കുന്നതായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. എൻഡോസൾഫാൻ ഇരകൾക്കുവേണ്ടി ഏറ്റവും കൂടുതൽ ശബ്ദമുയർത്തുകയും പ്രവർത്തിക്കുകയും ചെയ്ത ജനപ്രതിനിധിയാണ് താൻ. എൻഡോസൾഫാൻ പ്രശ്നം സംബന്ധിച്ച് നിയമസഭയിൽ രണ്ട് തവണ അടിയന്തിരപ്രമേയം അവതരിപ്പിച്ചിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവരുടെ നിലപാടുകളെ വിമർശിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ താൻ നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങളും ഇടപെടലുകളും ആർക്കും മനസിലാക്കാൻ കഴിയും എൻഡോസൾഫാനുമായി ബന്ധപ്പെട്ട യോഗം ചേരുന്ന കളക്ടറേറ്റ് തന്റെ മണ്ഡലത്തിലാണ്. ഏത് സാഹചര്യത്തിലാണ് തന്നെ സെല്ലിൽ നിന്ന് മാറ്റിനിർത്തിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.