1
കാസർകോട് ജനറൽ ആശുപത്രി വളപ്പിൽ നിന്ന് മരങ്ങൾ വെട്ടിമാറ്റുന്നു

കാസർകോട്: റോഡ് വികസനത്തിന്റെ മറവിൽ കാസർകോട് ജനറൽ ആശുപത്രി വളപ്പിലെ ലക്ഷങ്ങൾ വിലമതിക്കുന്ന തേക്കുകളും വാകയും മുറിച്ചുകടത്തിയ കേസിൽ അന്വേഷണമാരംഭിച്ച് വിജിലൻസ്. കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി കെ. വി വേണുഗോപാലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി മുറിച്ചിട്ട മരങ്ങളുടെ കുറ്റികൾ പരിശോധിച്ചു. വിജിലൻസ് സംഘം കാസർകോട് നഗരസഭാ ഓഫീസിലെത്തിയും വിവരം ശേഖരിച്ചു.

അനുമതിയില്ലാതെയാണ് മരം മുറിച്ചുവെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണമെങ്കിലും ഈ വാദങ്ങൾ പച്ചക്കള്ളമാണെന്ന് വ്യക്തമായിട്ടുണ്ട്. മുറിച്ച മരങ്ങൾ നഗരസഭയുടെ അധീനതയിലുള്ള വിദ്യാനഗർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് സൂക്ഷിച്ചത് . 70 വർഷത്തോളം പഴക്കമുള്ള മൂന്നും പത്തുവർഷം പ്രായമുള്ള രണ്ടും തേക്കുകളും രണ്ട് വാകയും ഏതാനും മറ്റു മരങ്ങളുമാണ് ആശുപത്രി കോമ്പൗണ്ടിൽ നിന്ന് മുറിച്ചുകടത്തിയത്. ആശുപത്രിയിലേക്കുള്ള റോഡ് വികസനത്തിന്റെ മറവിലാണ് ടെൻഡർ നടപടി പോലും പാലിക്കാതെയുള്ള മരംമുറി.

മുൻകാലങ്ങളിലെ പോലെ നഗരസഭയുമായി ചുറ്റിപ്പറ്റി നിൽക്കുന്ന കരാറുകാരിലൊരാളാണ് മരം മുറിക്ക് പിന്നിലും. രണ്ടാം ശനി, ഞായർ ദിവസങ്ങളിലായി വലിയ മരങ്ങൾ മുറിച്ച് അപ്പോൾ തന്നെ ലോറിയിൽ കടത്തുകയായിരുന്നു.വിവാദമായതിനെ തുടർന്ന് ആശുപത്രി അധികൃതർ ഇടപെട്ട് മരം മുറിക്കുന്നത് നിർത്തി വെപ്പിച്ചിട്ടുണ്ട്.

ടെൻഡർ പൂർത്തിയാകും മുമ്പെ മുറിച്ചുകടത്തി

ആശുപത്രിയിലേക്കുള്ള റോഡ് വികസനം വർഷങ്ങളായി നഗരസഭ ചർച്ച ചെയ്യുന്ന വിഷയമാണ്. വൺവേ എന്ന നിലയിൽ പ്രധാന ഗേറ്റിലൂടെ പ്രവേശിച്ച് ആശുപത്രിയുടെ പിറകിലൂടെ നായക്സ് റോഡിൽ ഇറങ്ങുന്ന വിധം റോഡ് വികസിപ്പിക്കുകയാണ് ലക്ഷ്യം. ആശുപത്രി വികസനത്തിന് തടസ്സമാകുന്ന മരങ്ങളും കെട്ടിടങ്ങളും ഒഴിവാക്കാൻ നഗരസഭാ ചെയർമാൻ വി.എം.മുനീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. മൂന്ന് തേക്ക് മരവും രണ്ട് വാകയും മുറിക്കാനാണ് തീരുമാനം. ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ മുറിക്കുന്നതിനുള്ള ടെൻഡർ പൂർത്തിയാകും മുമ്പാണ് ഇവ മുറിച്ചുകടത്തിയത്.