
ക്ഷണിക്കാത്ത വിവാഹത്തിന് പോയി വരന്റെയും വധുവിന്റെയും പാർട്ടിയിൽപെട്ടവരാണെന്ന് തോന്നിപ്പിച്ച് മൂക്കുമുട്ടെ കഴിച്ച് മടങ്ങുന്ന 'കല്യാണ ഉണ്ണികളുടെ' കുസൃതികളല്ല ഇന്ന് കണ്ണൂരിലെ കാരണവന്മാരുടെ തലവേദന. വരന്റെ അടുപ്പക്കാരായി എത്തി പലവിധത്തിലുള്ള പേക്കൂത്തുകൾ കാട്ടി വിവാഹവീടിനെ ദുരന്തസ്ഥലം പോലെ ഇളക്കിമറിച്ച് മടങ്ങുന്ന ഒരു വിഭാഗമാണ്. ഗ്രാമ,നഗര,സമുദായ വ്യത്യാസമില്ലാതെ കല്യാണ ആഭാസത്തിന്റെ പേരിൽ ഇവർ കണ്ണീർകുടിപ്പിച്ച കുടുംബങ്ങൾ അനവധിയാണ്.
ഏറ്റവുമൊടുവിൽ കണ്ണൂർ തോട്ടടയിലെ വിവാഹവീടിനടുത്തുണ്ടായ സ്ഫോടനത്തിൽ ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ടത് കല്യാണം 'കലക്കി'കളുടെ ആഭാസപ്രകടനത്തിന്റെ ഭാഗമായാണ്. പൊലീസും നാട്ടുകാരുമെല്ലാം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട് . കുറെ വർഷങ്ങളായി കല്യാണത്തോടനുബന്ധിച്ച് അരങ്ങേറുന്ന ആഭാസത്തരം അതിരുവിട്ടപ്പോൾ ഒരു കുടുംബമാണ് ഏച്ചൂരിൽ അനാഥമായത് . വിവാഹച്ചടങ്ങുകളിലെ അതിരുവിടുന്ന ആഘോഷങ്ങൾ നാടിന്റെ കൂടി സമാധാനം കെടുത്തുന്നത് കണ്ണൂരിലെ പതിവുകാഴ്ചയായി മാറുകയാണ്.
തോട്ടട, ഏച്ചൂർ ദേശക്കാർ തമ്മിലുള്ള തർക്കമാണ് കഴിഞ്ഞ ദിവസം വിവാഹവീട്ടിനരികെ ബോംബേറിൽ കലാശിച്ചത്.വിവാഹത്തലേന്ന് പെൺവേഷം കെട്ടി കാതടപ്പിക്കുന്ന ശബ്ദത്തിൽ പാട്ടിനൊപ്പം നൃത്തം ചവിട്ടിയത് ഇരുദേശക്കാർ തമ്മിലുള്ള വാക്കേറ്റത്തിന് വഴി വെക്കുകയായിരുന്നു.
കെട്ടിയിട്ട് നടത്തം മുതൽ
പടക്കം പൊട്ടിച്ച് പേടിപ്പിക്കൽ വരെ
വരനെയും വധുവിനെയും കെട്ടിയിട്ട് നടത്തിക്കുക, കൂകി വിളിക്കുക, തലയിൽ വെള്ളമൊഴിക്കുക, പടക്കംപൊട്ടിച്ച് ഭയപ്പെടുത്തുക തുടങ്ങിയ കോപ്രായങ്ങൾ വിവാഹദിനത്തിൽ വരന്റെ കൂട്ടുകാരായ യുവാക്കളുടെ കലാപരിപാടികളാണ്. ഭയന്ന് ബോധരഹിതയായ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവങ്ങളടക്കം കണ്ണൂരിൽ ഉണ്ടായിട്ടുണ്ട്. തുടർന്ന് വിവാഹമോചനം നേടിയവരും നിരവധി.
പണ്ടുകാലത്ത് കണ്ണൂർ ജില്ലയിലെ വീടുകളിൽ വിവാഹത്തലേന്ന് അരവുപാട്ട് സജീവമായിരുന്നു. പ്രായമായ സ്ത്രീകൾ വടക്കൻ പാട്ടിലെ ഈരടികളും നാട്ടുപ്രമാണികളുടെ വീരസ്യങ്ങളും ചേർത്ത് കറിക്കൂട്ടുകൾ അരയ്ക്കുന്ന വേളയിലാണ് ഈ പാട്ടുകൾ പാടിയിരുന്നത്. കളരിത്തമ്പുരാൻ തച്ചോളി ഒതേനന്റെ വാൾപയറ്റ് മുതൽ പതിനെട്ടടവുകളും പ്രമാണികളുടെ അപദാനങ്ങളും വാഴ്ത്തിയിരുന്നെങ്കിൽ ഇന്ന് അതൊക്കെ ന്യൂജൻ കാലത്ത് 'ലൈവ് ' ആയി മാറുകയാണ്.
വിവാഹ വീടുകളിൽ തലേദിവസം അരങ്ങേറുന്ന കല്യാണസൊറ എന്ന കെട്ടിയാട്ടങ്ങൾ പലപ്പോഴും അതിരു കടന്നപ്പോൾ തുറന്ന പോരിലേക്ക് തന്നെ നീങ്ങിയ നിരവധി സന്ദർഭങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി പ്രത്യേകം സ്ക്വാഡിനെയും മറ്റും നാട്ടുകാരുടെ നേതൃത്വത്തിൽ നിയോഗിച്ചിരുന്നു. തലശേരി വടക്കുമ്പാട്, പിണറായി തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരം ആഭാസങ്ങൾ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമായി ജനകീയ കർമ്മസമിതികൾ സജീവമാണ്.
അടുത്തകാലത്ത് തളിപ്പറമ്പിൽ നാടിനെയാകെ നാണം കെടുത്തിയ കല്യാണസൊറ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. വിവാഹത്തിന് പോയ വരന്റെ കൂട്ടുകാർ വധുവിന്റെ വീട്ടിൽ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ കണ്ട് ഒരു നാട് മുഴുവൻ അന്ധാളിച്ചു പോയി. വരനെ കൂട്ടുകാർ ചേർന്ന് മണ്ണ് നീക്കാനുപയോഗിക്കുന്ന മുച്ചക്ര വാഹനത്തിൽ കയറ്റിയാണ് തിരികെ വധുവിന്റെ വീട്ടിലേക്ക് ആനയിച്ചത്. അതുകൊണ്ടും തീർന്നില്ല. വരന്റെ ഘോഷയാത്രയ്ക്ക് പിന്നാലെ കല്യാണം കലക്കികളായ ഒരു സംഘം സ്ത്രീകളുടെ നേതൃത്വത്തിൽ വധുവിനെയും അവർ ' വരച്ച വരയിൽ ' നിറുത്തി. അക്ഷരാർത്ഥത്തിൽ റാംഗിംഗ് തന്നെയായിരുന്നു അത്. പേക്കൂത്തുകൾ കണ്ട നവവധു വിയർത്തൊലിച്ച് കുഴഞ്ഞു വീണു. ഒരു തുള്ളിവെള്ളം പോലും കൊടുക്കാൻ ആരും തയ്യാറായില്ല. പൊറുതിമുട്ടിയ നാട്ടുകാർ പൊലീസിലും നാട്ടുപ്രമാണിമാർക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇവിടുത്തെ വരൻ മറ്റു വീടുകളിൽ ചെന്ന് ഇതുപോലെ നിരന്തരം പേക്കൂത്തുകൾ നടത്തിയിരുന്നുവെന്നും അതിന്റെ തിരിച്ചടിയായി ഇതൊക്കെ കണക്കാക്കിയാൽ മതിയെന്നുമായിരുന്നു കല്യാണം കലക്കികളുടെ വിശദീകരണം.
തളിപ്പറമ്പിൽ മറ്റൊരിടത്ത് വിവാഹരാത്രിയിൽ വരനെ കൂട്ടുകാർ തട്ടിക്കൊണ്ടുപോയി പിറ്റേന്ന് പുലർച്ചെ വരെ തടഞ്ഞുവച്ച സംഭവവുമുണ്ടായി. വിവാഹത്തിനായി വരന്റെ വീട്ടിൽ വരനും വധുവിനുമായി ഒരുക്കുന്ന മണിയറയിൽ കയറി അക്രമം നടത്തിയതും കണ്ണൂരിൽ പുതിയ സംഭവമല്ല.
ഞെട്ടിപ്പിക്കുന്ന മറ്റൊരു കല്യാണ സൊറ ഇന്നും കണ്ണൂർ നഗരം മറന്നിട്ടില്ല. നാലുവർഷം മുമ്പ് കണ്ണൂർ സിറ്റിയിലായിരുന്നു സംഭവം. അലങ്കരിച്ച കാറിൽ വരനെ കാത്തുനിന്ന വധുവിന്റെ വീട്ടുകാർ ഒന്നാകെ അമ്പരന്ന നിമിഷം. ശവപ്പെട്ടിയിലായിരുന്നു വരന്റെ വരവ്. വധുവിന്റെ വീട്ടുകാർക്ക് ആശ്വാസം നൽകാനായി വരൻ ശവപ്പെട്ടിയിൽ നിന്ന് ഇടയ്ക്കിടെ തലനീട്ടി നോക്കിയിരുന്നു. ശവമഞ്ചം കണ്ട വധുവിന്റെ വീട്ടുകാരിൽ പ്രായമായ ചിലർ ശവമാകാത്തതും ആരുടെയോ ഭാഗ്യം.
ഒടുവിൽ നാട്ടുകാർ ഇടപെട്ട് ശവപ്പെട്ടി തല്ലിപ്പൊളിച്ച് റീത്തുകൾ വലിച്ചെറിഞ്ഞ് വരനെ മോചിപ്പിച്ചതോടെയാണ് വധുവിന്റെ വീട്ടുകാർക്ക് ശ്വാസം വീണത്. പരാതിക്കാർ ഇല്ലാത്തതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തതുമില്ല.
ചില വിവാഹക്കുറികളിൽ അവസാനം ചേർക്കുന്ന ഒരു വാചകമുണ്ട്. ദയവായി ഉപഹാരങ്ങൾ ഒഴിവാക്കുക എന്ന് . എന്നാൽ ദയവായി ബോംബും വടിവാളും ഒഴിവാക്കണമെന്ന് എഴുതിചേർക്കേണ്ട ഗതികേടിലാണ് വീട്ടുകാരിപ്പോഴെന്ന് ഒരു ഗൃഹനാഥൻ പറഞ്ഞത് ഓർത്തു പോവുന്നു.
ആഭാസന്മാരെ നിലയ്ക്ക് നിറുത്തണം
വിവാഹവീടുകളിലുണ്ടാകുന്ന അനാശാസ്യ പ്രവണതകൾക്കെതിരെ ഇടക്കാലത്ത് സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോൾ ഇത്തരം ആഭാസങ്ങൾ നിലച്ചതായിരുന്നു. എന്നാൽ കൊവിഡ് അടച്ചിടലിനുശേഷം നിയന്ത്രണങ്ങൾ ഒഴിവായി കൂടുതൽ പേർ വിവാഹച്ചടങ്ങുകളിൽ പങ്കാളികളാകാൻ തുടങ്ങിയതോടെ അതിരുവിടുന്ന പ്രകടനങ്ങൾ വീണ്ടും തലപൊക്കുകയിരുന്നു.
കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തില്‍ ന്യൂജനറേഷന്‍ കടന്നുവരവില്‍ ഉപയോഗിക്കുന്നത് അത്യാധുനിക സാങ്കേതിക വിദ്യയാണെന്ന് പൊലീസ് തന്നെ സമ്മതിച്ചു. ബോംബുനിര്‍മാണം മുതല്‍ അക്രമം വരെയുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നത് ആക്ഷന്‍ സിനിമാ സ്‌റ്റൈലിലാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തോട്ടടയിലെ ബോംബേറില്‍ തങ്ങളിലൊരുവന്‍ തന്നെ കൈപ്പിഴയാല്‍ കൊല്ലപ്പെട്ടുവെങ്കിലും ബോംബ് നിര്‍മാണത്തിലെയും പ്ലാനിങിലെയും കൃത്യതയും രഹസ്യസ്വഭാവവും പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിട്ടുണ്ട്.പ്ലാന്‍ എ ബോംബെറിഞ്ഞു എതിരാളികളെ അപായപ്പെടുത്തലാണെങ്കില്‍ പ്ലാന്‍ ബി വടിവാള്‍ ഉപയോഗിച്ചു അക്രമം നടത്തുകയായിരുന്നുവെന്ന് ജിഷ്ണു വധക്കേസില്‍ അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ബോധവത്കരണവുമായി
ജില്ലാ പഞ്ചായത്തും തളിപ്പറമ്പ് പൊലീസും
വിവാഹ ആഭാസങ്ങൾക്കെതിരെ ജനകീയ ക്യാമ്പയിനുമായി ജില്ലാപഞ്ചായത്ത്. ‘ആഘോഷമാവാം അതിരുകടക്കരുത്, നന്മയിലൂടെ നാടിനെ കാക്കാം’ എന്ന ക്യാമ്പയിൻ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ വഴിയാണ് നടപ്പാക്കുന്നത്. വിവാഹങ്ങൾ വീട്ടുകാരുടെ നിയന്ത്രണത്തിലായിരിക്കണം. അഭിപ്രായവ്യത്യാസങ്ങൾ ജീവനെടുക്കുന്ന നിലയിലേക്ക് എത്തുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിരീക്ഷണസമിതികൾ എല്ലാ വാർഡുകളിലും ആരംഭിക്കാനാണ് ജില്ലാപ്പഞ്ചായത്ത് തീരുമാനം. സ്‌ത്രീധനം, വിവാഹ ആഭാസം, ലഹരി ഉപയോഗം, ആർഭാടരഹിതമായി കല്യാണം നടത്താനായി വിവാഹപ്രോട്ടോക്കോൾ എന്നിവ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കും. രാഷ്‌ട്രീയപാർട്ടി പ്രതിനിധികൾ , വായനശാലകൾ, കുടുംബശ്രീ, യുവജന മഹിള സംഘടനകൾ എന്നിവയിലെയെല്ലാം പ്രതിനിധികളെ ഉൾപ്പെടുത്തി ജാഗ്രതാസഭകൾ രൂപീകരിക്കും. വാർഡ് അടിസ്ഥാനത്തിൽ പത്തുപേർ അംഗങ്ങളായ നിരീക്ഷണസമിതി പ്രവർത്തിക്കും. മദ്യം, മയക്കുമരുന്ന് ഉപയോഗം വ്യാപിപ്പിക്കുന്ന കേന്ദ്രങ്ങളെ കണ്ടെത്തി നിയമസംവിധാനത്തിൽ കൊണ്ടുവരും. കൂടാതെ വിവാഹക്ഷണക്കത്ത് മുതൽ കല്യാണം വരെ മാതൃകയായി നടത്തുന്നവരെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അഭിനന്ദിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.
അതിരു വിടുന്ന വിവാഹ ആഭാസങ്ങൾക്ക് തളിപ്പറമ്പിൽ നിയന്ത്രണം. വീട്ടുകാർ ആവശ്യപ്പെട്ടാൽ വേണമെങ്കിൽ വിവാഹത്തിന് പൊലീസ് സംരക്ഷണം നൽകുമെന്നും തളിപ്പറമ്പ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ടി.കെ.രത്നകുമാർ ഉറപ്പ് നൽകി.
തളിപ്പറമ്പ് മുൻസിപ്പൽ ചെയർമാൻ, സെക്രട്ടറി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് നൽകിയ കത്തിലാണ് അദ്ദേഹം വിവാഹാഘോഷങ്ങൾ കുറ്റമറ്റതാക്കണമെന്ന് നിർദേശം നൽകിയിട്ടുള്ളത്.
വിവാഹാഘോഷങ്ങളിൽ പലതിലും ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചു വരികയാണെന്നും ചിലത് വാക്കേറ്റത്തിലും അക്രമത്തിലും കലാശിക്കുന്ന പതിവ് ഇനി തുടരാൻ കഴിയില്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കത്തിൽ പറയുന്നു. പൊതുസമൂഹത്തിന്റെ നന്മയെ കരുതി ഇത്തരം ആഭാസങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പ്രത്യേകിച്ച് യുവജനങ്ങളുടെയും കൂട്ടായ പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു. ജനപ്രതിനിധികളായ വാർഡ് അംഗങ്ങൾ പ്രദേശത്തെ സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരുമായി കൂടിയാലോചിച്ച് വിവാഹാഘോഷങ്ങൾ നമ്മുടെ സംസ്കാരത്തിന് അനുയോജ്യമായ രീതിയിലാണെന്ന് ഉറപ്പ് വരുത്തണമെന്നും കത്തിൽ നിർദേശമുണ്ട്.
ബോക്സ് വച്ചുള്ള ഗാനമേളയ്ക്ക് വിലക്ക്
വിവാഹ ആഘോഷങ്ങളിൽ ബോക്സ് വച്ച് ഗാനമേള നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ ഒരു പ്രവൃത്തിയും വിവാഹവീട്ടിൽ ഉണ്ടാകില്ലെന്ന് വീട്ടുകാർ ഉറപ്പുവരുത്തണം. വിവരങ്ങൾ യഥാസമയം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചാൽ ആവശ്യമായ സഹായം നൽകുമെന്നും ഡപ്യൂട്ടി സൂപ്രണ്ട് ഉറപ്പ് നൽകിയിട്ടുണ്ട്.